ഒട്ടാവ: റഷ്യൻ അധിനിവേശത്തിനിടെ യുക്രെയ്നിൽ നിന്നും കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരികെ വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി കാനഡ. യുദ്ധത്തിനിടയിൽ യുക്രെയ്നിൽ നിന്ന് റഷ്യ കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരികെ കൊണ്ടുവരാനും, ഈ തെറ്റിന് റഷ്യയെ ശിക്ഷിക്കാനും ലോകരാജ്യങ്ങളുടെ സഹായം കാനഡ തേടി.
തിങ്കളാഴ്ച ബ്രസൽസിൽ നടക്കാനിരിക്കുന്ന നിർണായക അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്നും, കുട്ടികളെ കണ്ടെത്താനായി പുതിയ ധനസഹായവും കുറ്റകൃത്യ വിചാരണയ്ക്കുള്ള തെളിവുശേഖരണവും സമ്മേളനത്തിൽ ചർച്ചയാകുമെന്നും അവർ പറഞ്ഞു.
2023 മാർച്ച് മുതൽ കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. യുക്രെയ്നിന്റെ കണക്കനുസരിച്ച് ഏകദേശം 20,000 കുട്ടികളെയെങ്കിലും റഷ്യ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. എന്നാൽ യേൽ സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം ഈ സംഖ്യ 35,000 വരെയാകാൻ സാധ്യതയുണ്ട്. ഇതിൽ ഏകദേശം 2,000 കുട്ടികൾ മാത്രമാണ് ഇതുവരെ തിരിച്ചെത്തിയത്.
അനാഥരായ കുട്ടികളെ സുരക്ഷയ്ക്കായി മാറ്റിപ്പാർപ്പിച്ചതാണെന്നാണ് റഷ്യൻ അധികൃതരുടെ വിശദീകരണം. എന്നാൽ കുട്ടികളെ ബലമായി റഷ്യൻ കുടുംബങ്ങൾക്ക് ദത്തെടുക്കാൻ നൽകുന്നതായും അവരുടെ സംസ്കാരം അടിച്ചേൽപ്പിക്കുന്നതായും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
യുക്രെയ്ൻ കുട്ടികളെ വീണ്ടെടുക്കുന്നതിനായി 2024-ൽ ട്രൂഡോ സർക്കാർ രൂപീകരിച്ച അന്താരാഷ്ട്ര കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കാനഡ അവലോകനം ചെയ്യും. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിൽ മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ട്. ബ്രസൽസ് സന്ദർശന വേളയിൽ നാറ്റോ സെക്രട്ടറി ജനറലുമായി ആർട്ടിക് സുരക്ഷയെക്കുറിച്ചും മന്ത്രി ചർച്ച നടത്തും. കൂടാതെ, റഷ്യയുടെ വിദേശ നിക്ഷേപങ്ങൾ പിടിച്ചെടുത്ത് യുക്രെയ്നിനെ സഹായിക്കണമെന്ന കാനഡയുടെ നിലപാടും ബെൽജിയം വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ വിഷയമാകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada seeks support from world nations to return children abducted by Russia, says Anita Anand




