കാനഡയിൽ നിർമ്മിച്ച ആയിരക്കണക്കിന് വിൻഡോ ബ്ലൈൻഡുകളും ഷേഡുകളും കൊച്ചുകുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിക്കുന്നു. ഹെൽത്ത് കാനഡ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, ‘പ്രൈം കസ്റ്റം ബ്ലൈൻഡ്സ്’ (Prime Custom Blinds) എന്ന കമ്പനിയുടെ ചെയിനും കോർഡ് ഷീൽഡും അടങ്ങിയ അഞ്ച് ഉൽപ്പന്നങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. വലിപ്പം, നിറം, മെറ്റീരിയൽ എന്നിവയിലെ വ്യത്യസ്തതകളോടെ വിറ്റഴിക്കപ്പെട്ട ബ്ലാക്ക് ഔട്ട് ഷേഡുകൾ, സോളാർ ഷേഡുകൾ, ആൾട്ടർനേറ്റിങ് ഫാബ്രിക് ബ്ലൈൻഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഫെഡറൽ കോർഡഡ് വിൻഡോ കവറിംഗ്സ് റെഗുലേഷൻസ് നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടുവെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. ഇവയിലെ ലൂപ്പ് ചെയ്ത കയറുകൾ കുട്ടികളുടെ കഴുത്തിൽ കുരുങ്ങാനും, ഇത് ഗുരുതരമായ പരിക്കുകൾക്കോ അല്ലെങ്കിൽ ശ്വാസംമുട്ടി മ മരണത്തിനോ വരെ കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 2019 ഡിസംബർ മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ ഏകദേശം 6,500 ഉൽപ്പന്നങ്ങളാണ് കാനഡയിൽ വിറ്റഴിച്ചിട്ടുള്ളത്. എന്നാൽ, നിലവിൽ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉടനടി നിർത്തലാക്കണമെന്നും, സൗജന്യ റിപ്പെയർ കിറ്റ് (Repair kit) ലഭിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. സാധ്യമെങ്കിൽ കയറുകളില്ലാത്ത ‘കോർഡ്‌ലെസ്സ്’ (Cordless) വിൻഡോ കവറിംഗുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ, കാനഡ കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി ആക്ട് പ്രകാരം ഇത്തരം തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വീണ്ടും വിൽക്കുന്നതോ, കൈമാറ്റം ചെയ്യുന്നതോ പൂർണ്ണമായും നിരോധിച്ചിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനമാണ്.
Canada Recalls Window Blinds Over Child Choking Risk
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





