വാൻകൂവർ: മാസങ്ങളായി തായ്‌ലൻഡിലെ തടങ്കൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തക ഷാങ് സിൻയാന് അഭയം നൽകി കാനഡ. നാടുകടത്തൽ ഭീഷണി നേരിട്ടിരുന്ന 55കാരിയായ ഷാങ് സുരക്ഷിതമായി വാൻകൂവറിൽ എത്തിയതോടെയാണ് മാസങ്ങൾ നീണ്ട ആശങ്കകൾക്ക് പരിഹാരമായത്. നിയമപരവും നയതന്ത്രപരവുമായ ഇടപെടലുകൾക്കൊടുവിലാണ് ചൈനയുടെ കടുത്ത എതിർപ്പുകൾക്കിടയിലും ഷാങിന് കാനഡയിലേക്ക് കടക്കാൻ സാധിച്ചത്.
ചൈനയിൽ നിരോധിച്ച ‘ഫലുൻ ഗോങ്’ എന്ന ആത്മീയ കൂട്ടായ്മയെ പിന്തുണച്ചു എന്നാരോപിച്ചാണ് മുൻ അധ്യാപികയായ ഷാങ് സിൻയാനെതിരെ സർക്കാർ നടപടിയെടുത്തത്. തുടർന്ന് 2014-ൽ തായ്‌ലൻഡിലേക്ക് പലായനം ചെയ്ത ഇവർക്ക് പിന്നീട് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി പദവി ലഭിച്ചിരുന്നു. എന്നാൽ വിസ കാലാവധി കഴിഞ്ഞെന്ന് കാട്ടി കഴിഞ്ഞ മെയ് മാസത്തിൽ തായ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തടങ്കലിലായതോടെ ഇവരെ ചൈനയിലേക്കോ ഹോങ്കോങ്ങിലേക്കോ നാടുകടത്തുമെന്ന ആശങ്ക ശക്തമായിരുന്നു.
അതേസമയം, തായ്‌ലൻഡിൽ കഴിയുന്ന മറ്റ് ചൈനീസ് വിമതരും മാധ്യമപ്രവർത്തകരും ഇപ്പോഴും സമാനമായ നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. വിദേശ രാജ്യങ്ങളിൽ കഴിയുന്ന വിമത ശബ്ദങ്ങളെ അടിച്ചമർത്താൻ ചൈന ശ്രമിക്കുമ്പോൾ, തായ്‌ലൻഡ് അതിന് സഹകരിക്കുകയാണെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകളുടെ ആരോപണം. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് കാനഡയും തായ്‌ലൻഡും തയ്യാറായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
From Thai detention to Vancouver; Canada offers refuge to Chinese human rights activists.





