കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപറ്റ സ്വദേശിനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും ശിക്ഷ. ഇക്കെണ്ണ മോസസ് (28)നെയാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. കൽപറ്റ സ്വദേശിയായ യുവതിയാണ് പറ്റിക്കപ്പെട്ടത്. കേസിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് 5 വർഷം തടവ്, കാനഡ എംബസിയുടെ വ്യാജ വീസ അടക്കമുള്ള രേഖകൾ നിർമിച്ചതിന് 5 വർഷം തടവ്, വ്യാജ രേഖകൾ അസ്സലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നൽകിയതിന് 2 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നൽകണം.
കൽപറ്റ സ്വദേശിയായ യുവതിക്ക് കാനഡയിൽ മെഡിക്കൽ കോഡർ ജോലി നൽകാമെന്നായിരുന്നു ഇയാൾ വാഗ്ദാനം നൽകിയത്. യുവതിയിൽ നിന്ന് 18 ലക്ഷം രൂപയും തട്ടിയെടുത്തു. കാനഡ, യുകെ രാജ്യങ്ങളുടെ മൊബൈൽ നമ്പർ വഴി ബന്ധപ്പെട്ടാണ് ഇയാൾ വിശ്വാസത ഉറപ്പിച്ചത്. 2023 ഡിസംബറിലാണ് പ്രതി പിടിയിലായത്. ബെംഗളൂരുവിൽ നിന്നു വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു. നൂതന സൈബർ സാങ്കേതിക തെളിവുകൾ സമർപ്പിക്കപ്പെട്ട കേസിൽ സംസ്ഥാനത്ത് വിദേശ പൗരൻ സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്.
Nigerian national jailed for canada job fraud case



