ഒട്ടാവ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തെൽ അവീവിലെ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ അടിയന്തരമായി ഒഴിപ്പിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് നയതന്ത്ര പ്രതിനിധികളോട് മടങ്ങാൻ നിർദേശിച്ചതെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. ഇസ്രയേലിന് പുറമെ ലബനൻ, പലസ്തീൻ എന്നിവിടങ്ങളിലുള്ള കനേഡിയൻ പൗരന്മാരും വാണിജ്യ വിമാനങ്ങൾ ലഭ്യമായ സമയത്തുതന്നെ മടങ്ങണമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നയതന്ത്ര സഹായം നൽകുന്നതിന് പരിമിതികളുണ്ടാകുമെന്നും പൗരന്മാർ സ്വന്തം നിലയിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇറാനിൽ കാനഡയ്ക്ക് നയതന്ത്ര പ്രതിനിധികളില്ലാത്തതിനാൽ അവിടെയുള്ളവർ സുരക്ഷിതമായി ഉടൻ മടങ്ങണമെന്നും നിർദേശമുണ്ട്.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ഈ മാസം ആദ്യം മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ ഇറാൻ വിഷയത്തിൽ ചർച്ച നടത്തിയതായും അനിത ആനന്ദ് അറിയിച്ചു. അതേസമയം, ഇസ്രയേലിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ യുഎസ് സർക്കാരും നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. ടെഹ്‌റാനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കനേഡിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Israel-Iran conflict: Canada evacuates diplomats from Tel Aviv



