ടൊറന്റോ: കാനഡയിൽ ദിവസേന കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസേന മദ്യം കഴിക്കുന്നവരേക്കാൾ മറികടന്നതായി പുതിയ പഠനം. 50 വയസ്സിന് താഴെയുള്ളവരിലാണ് ഈ പ്രവണത കൂടുതൽ വ്യക്തമായതെന്നും രാജ്യത്ത് ഏകദേശം 18 ലക്ഷം പേർ ദിവസേന കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഹെൽത്ത് സർവേയിലെ വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
രാജ്യത്ത് ഏകദേശം 18 ലക്ഷം പേർ ദിവസേന കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇത് മുതിർന്നവരുടെ ആകെ ജനസംഖ്യയുടെ 5.7 ശതമാനമാണ്. അതേസമയം, 5.2 ശതമാനം പേർ ദിവസേന മദ്യം ഉപയോഗിക്കുകയും 8.5 ശതമാനം പേർ സിഗരറ്റ് വലിക്കുകയും ചെയ്യുന്നുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കഞ്ചാവ് ഉപയോഗത്തിൽ വലിയ വ്യത്യാസം കാണാം. 50 വയസ്സിൽ താഴെയുള്ളവരിൽ ദിവസേന മദ്യം ഉപയോഗിക്കുന്നവരേക്കാൾ കൂടുതൽ പേർ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
എന്നാൽ 65 വയസ്സിന് മുകളിലുള്ളവരിൽ ഈ പ്രവണത നേരെ തിരിച്ചാണ്. ഈ പ്രായവിഭാഗത്തിലുള്ളവർ ദിവസേന കഞ്ചാവ് ഉപയോഗിക്കുന്നതിനേക്കാൾ മദ്യം കഴിക്കാനാണ് കൂടുതൽ താൽപര്യം കാണിക്കുന്നത്. 65 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ 13 ശതമാനം പേരും സ്ത്രീകളിൽ 6.7 ശതമാനം പേരും ദിവസേന മദ്യം ഉപയോഗിക്കുന്നവരാണ്. അതേസമയം, ഈ വിഭാഗത്തിൽ ദിവസേന കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്മാർ 3.3 ശതമാനവും സ്ത്രീകൾ 2.3 ശതമാനവുമാണ്.
യുവാക്കൾക്കിടയിലും കഞ്ചാവ് ഉപയോഗം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. 25നും 34നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 10.8 ശതമാനം പേർ ദിവസേന കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഇതേ പ്രായത്തിലുള്ള സ്ത്രീകളിൽ 6.8 ശതമാനമാണ് കണക്ക്. ഇവരിൽ ദിവസേന മദ്യം ഉപയോഗിക്കുന്ന പുരുഷന്മാർ 2.9 ശതമാനവും സ്ത്രീകൾ 1.2 ശതമാനവുമാണ്. 18നും 24നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 6.6 ശതമാനം പേർ ദിവസേന കഞ്ചാവ് ഉപയോഗിക്കുന്നതായും പഠനം കണ്ടെത്തി. ഈ പ്രായത്തിലുള്ളവരിൽ ദിവസേന മദ്യം ഉപയോഗിക്കുന്നവർ ഒരു ശതമാനത്തിൽ താഴെയാണ്.
പഠനത്തിൽ പങ്കെടുത്ത ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നവരിൽ മൂന്നിൽ രണ്ട് പേരും ഭക്ഷണത്തിലൂടെയോ മറ്റ് ഉൽപ്പന്നങ്ങളിലൂടെയോ ഉപയോഗിക്കുന്നതിന് പകരം കഞ്ചാവ് വലിച്ചാണ് ഉപയോഗിക്കുന്നത്. മദ്യത്തിന്റെയും സിഗരറ്റിന്റെയും ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കഞ്ചാവിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അത്രയധികം ഗവേഷണങ്ങൾ നടന്നിട്ടില്ല. എങ്കിലും കഞ്ചാവ് ഉപയോഗം മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു. മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി കഞ്ചാവ് ഉപയോഗത്തിന് ബന്ധമുണ്ടോ എന്ന കാര്യവും ഗവേഷകർ പരിശോധിക്കുന്നുണ്ട്.
കഞ്ചാവ് ഉപയോഗിക്കുന്നതാണോ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്, അതോ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ അവ നിയന്ത്രിക്കാൻ കഞ്ചാവ് ഉപയോഗിക്കുന്നതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് പഠനത്തിൽ പങ്കെടുക്കാത്ത ഗവേഷകനായ ജിബ്രാൻ ഖോഖർ പറഞ്ഞു. ചിലരിൽ ജനിതക പ്രത്യേകതകളും തലച്ചോറിന്റെ പ്രവർത്തനത്തിലെ വ്യത്യാസങ്ങളും കഞ്ചാവ് ഉപയോഗത്തിനും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഒരുപോലെ കാരണമാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. തലച്ചോർ വളരുന്ന പ്രായത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതയും ഗവേഷകർ പരിശോധിക്കുന്നുണ്ട്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ 2023-24 ലെ കനേഡിയൻ കമ്മ്യൂണിറ്റി ഹെൽത്ത് സർവേയിൽ പങ്കെടുത്ത 99,920 പേരുടെ വിവരങ്ങളാണ് പഠനത്തിനായി ഗവേഷകർ പരിശോധിച്ചത്. 2018-ൽ കാനഡയിൽ കഞ്ചാവ് നിയമവിധേയമാക്കിയതിന് ശേഷമുള്ള ഉപയോഗരീതികളും പഠനത്തിൽ വിലയിരുത്തി. എന്നാൽ പഠനത്തിന് ഉപയോഗിച്ച വിവരങ്ങൾ സർവേയിൽ പങ്കെടുത്തവർ സ്വയം നൽകിയതാണെന്നത് ഒരു പരിമിതിയാണ്. കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളും വിമർശനങ്ങളും കാരണം ചിലർ യഥാർഥ ഉപയോഗവിവരങ്ങൾ തുറന്നുപറയാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
Also Read: എക്സ്പ്രസ് എൻട്രി PNP ഡ്രോ: 2026 നവംബർ 23ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നവരെയും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരെയും പഠനത്തിൽ പ്രത്യേകം തരംതിരിച്ചിട്ടില്ല. നിലവിലെ രീതി തുടർന്നാൽ വരും വർഷങ്ങളിൽ മധ്യവയസ്കരിലും ദിവസേന കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
കഞ്ചാവ് ഉപയോഗം മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയും ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയും വേണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





