ഒട്ടാവ: അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തമായ നയതന്ത്ര-വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാൻ മാർക്ക് കാർണി സർക്കാർ ശ്രമിക്കുന്നതിനിടയിൽ, കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിൽ വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. പ്രതിരോധ മേഖലയിലെ ചെലവുകൾ വർദ്ധിപ്പിക്കുന്നതിനായി ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുന്നത്. എന്നാൽ ഈ നടപടി കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവനക്കാരേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നയതന്ത്രജ്ഞരെയും മറ്റ് ഉദ്യോഗസ്ഥരെയും ബാധിക്കുന്നത്. കനേഡിയൻ പ്രസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
കണക്കുകൾ പ്രകാരം, ഈ വർഷം മാർച്ച് 31 വരെയുള്ള വിവരമനുസരിച്ച് വിദേശത്തേക്ക് മാറിമാറി നിയോഗിക്കപ്പെടുന്ന ‘റൊട്ടേഷണൽ’ തസ്തികകളുടെ എണ്ണം 3,221-ൽ നിന്ന് 10.6 ശതമാനം കുറഞ്ഞ് 2,878 ആയി ചുരുങ്ങി. അതേസമയം, കാനഡയിൽ മാത്രം സ്ഥിരമായി ജോലി ചെയ്യുന്ന നോൺ-റൊട്ടേഷണൽ ജീവനക്കാരുടെ എണ്ണത്തിൽ 3.5 ശതമാനത്തിന്റെ കുറവ് മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇതിനുപുറമേ, വിദേശ മിഷനുകളിൽ പ്രാദേശികമായി ജോലിക്ക് എടുക്കുന്ന വിദേശ പൗരന്മാരുടെ (ലോക്കലി എൻഗേജ്ഡ് സ്റ്റാഫ്) 754 തസ്തികകൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം വെട്ടിക്കുറയ്ക്കലുകളും 2026-ൽ തന്നെ നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നടപടിക്കെതിരെ കാനഡയുടെ മുൻ നയതന്ത്രജ്ഞർ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രാലയം തങ്ങൾ ചെയ്യുന്ന ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്നില്ലെന്നും ഫയൽ വർക്കുകൾക്കും റിപ്പോർട്ടുകൾക്കും മാത്രമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും റഷ്യ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ കാനഡയുടെ മുൻ അംബാസഡറായിരുന്ന ജെറമി കിൻസ്മാൻ വ്യക്തമാക്കി. ഒട്ടാവയിലെ ആസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് പകരം വിദേശത്തെ നയതന്ത്രജ്ഞരെ ഒഴിവാക്കുന്നത് കാനഡയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങളെ ബാധിക്കുമെന്നും, കുറഞ്ഞ ശമ്പളത്തിൽ പ്രാദേശികമായി മികച്ച വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന വിദേശ ജീവനക്കാരെ ഒഴിവാക്കുന്നത് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനാണ് ഈ മാറ്റങ്ങളെന്നാണ് ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ വിശദീകരണം. പ്രതിരോധ ചെലവുകൾക്കായി ഫണ്ട് കണ്ടെത്തുന്നതിനുള്ള Comprehensive Expenditure Review ന്റെ ഭാഗമായാണ് ഈ നടപടിയെന്നും, എല്ലാ വിഭാഗങ്ങളെയും തുല്യമായാണ് പരിഗണിച്ചതെന്നും ജിഎസി വക്താവ് ജോൺ ബാബ്‌കോക്ക് അറിയിച്ചു. നിലവിൽ കാനഡയുടെ വിദേശകാര്യ വകുപ്പിലെ കനേഡിയൻ പൗരന്മാരിൽ 16.7 ശതമാനം പേർ മാത്രമാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഭൂരിഭാഗം വിദേശകാര്യ ജീവനക്കാരെയും അന്താരാഷ്ട്ര തലത്തിൽ വിന്യസിക്കുമ്പോഴാണ് കാനഡ ഒട്ടാവയിലെ ആസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Canada cuts staff at Foreign Ministry; diplomatic missions in crisis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










