ടൊറന്റോ: വാക്സിനേഷനും കൃത്യമായ പരിശോധനാ സംവിധാനങ്ങളും ലഭ്യമായിട്ടും കാനഡയിൽ 35-നും 54-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സെർവിക്കൽ കാൻസർ വർധിക്കുന്നതായി റിപ്പോർട്ട്. തടയാൻ സാധിക്കുന്ന ഈ രോഗത്തെ പ്രതിരോധിക്കാൻ സ്ത്രീകൾ കൃത്യമായ പരിശോധനകൾ വൈകിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം കാനഡയിൽ 1,700 സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ സ്ഥിരീകരിക്കുമെന്നും 450 പേർ മരിക്കുമെന്നുമാണ് കനേഡിയൻ കാൻസർ സൊസൈറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
നേരത്തെയുള്ള പാപ് സ്മിയർ പരിശോധനകളിലൂടെ അർബുദത്തിന് മുന്നോടിയായുള്ള കോശമാറ്റങ്ങൾ കണ്ടെത്താനും, എച്ച്.പി.വി വാക്സിനിലൂടെ അർബുദത്തിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമാവൈറസിനെ തടയാനും സാധിക്കും. എന്നാൽ, പ്രാഥമിക പരിശോധനയിൽ അസ്വാഭാവികത കണ്ടെത്തിയാൽ പോലും തുടർപരിശോധനകൾക്കും ചികിത്സകൾക്കും രോഗികൾ എത്താത്തതാണ് രോഗികളുടെ എണ്ണം ഉയരാൻ പ്രധാന കാരണമായി ഒന്റാറിയോയിലെ ലേക്ഗ്രിഡ്ജ് ഹെൽത്തിലെ ഗൈനക്കോളജിക് ഓങ്കോളജിസ്റ്റായ ഡോ. ജൂലി ആനി ഫ്രാൻസിസ് ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെയുള്ള പരിശോധനകളിലെ അസ്വാഭാവിക ഫലങ്ങൾ കാൻസർ ആണെന്ന് ഭയന്നാണ് പലരും തുടർചികിത്സകളിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ അസ്വാഭാവിക ഫലം കാൻസറല്ലെന്നും, അത് രോഗം വരാതെ തടയാനുള്ള അവസരമാണെന്നും ഡോ. ഫ്രാൻസിസ് വ്യക്തമാക്കുന്നു. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതിലെ മന്ദഗതിയും പലർക്കും ഫാമിലി ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതും രോഗ നിർണയം വൈകാൻ ഇടയാക്കുന്നുണ്ട്.
തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് ഷാനൻ പെത്തിക്ക് എന്ന അതിജീവിതയും പരിശോധനകളുടെ പ്രാധാന്യം വ്യക്തമാക്കി. 2010-ൽ 32-ാം വയസ്സിൽ ശക്തമായ വേദനയും രക്തസ്രാവവും അവഗണിക്കുകയും പിന്നീട് പാപ് സ്മിയർ പരിശോധനയിലൂടെ അർബുദം സ്ഥിരീകരിക്കുകയുമായിരുന്നു. തീവ്രമായ കീമോതെറാപ്പിക്കും റേഡിയേഷൻ ചികിത്സകൾക്കും ശേഷമാണ് ഷാനൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശരീരം നൽകുന്ന ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഈ ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് ഷാനൻ ഓർമ്മിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





