ഓട്ടവ:കാനഡയിലെ യുഎസ് അംബാസിഡർ പീറ്റ് ഹൂക്‌സ്ട്രയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും നയതന്ത്ര ആനുകൂല്യങ്ങൾ റദ്ദാക്കി ‘പെർസോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിഷേധം ഉയരുന്നു. അന്താരാഷ്ട്ര നയതന്ത്ര മര്യാദകൾ ലംഘിച്ച് കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തുകയും ചെയ്ത പീറ്റ് ഹൂക്‌സ്ട്രയ്ക്കെതിരായ ഹർജി വരും മാസങ്ങളിൽ പാർലമെന്റിൽ സമർപ്പിക്കും.
കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചർച്ച നടത്തുന്നത് നന്നായിരിക്കുമെന്ന ഹൂക്‌സ്ട്രയുടെ പരാമർശമാണ് പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചത്. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം പുതിയ തീരുവ പ്രഖ്യാപിച്ച അതേദിവസമാണ് അംബാസിഡർ ഈ വിവാദ പ്രസ്താവന നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
കാൽഗറി സ്വദേശിയായ ഒരു വനിത ആരംഭിച്ച ഈ ഓൺലൈൻ ഹർജിയിൽ ഇതിനകം 29,000-ത്തിലധികം ആളുകൾ ഒപ്പുവെച്ചിട്ടുണ്ട്. ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മെയ് വഴിയാണ് ഹർജി പാർലമെന്റിൽ (ഹൗസ് ഓഫ് കോമൺസ്) സമർപ്പിക്കുന്നത്. കാനഡയിലെ അമേരിക്കൻ നയതന്ത്ര ഇടപെടലുകളെക്കുറിച്ച് പാർലമെന്ററി കമ്മിറ്റി സമഗ്രമായി അന്വേഷിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ വിയന്ന കൺവെൻഷൻ നിയമപ്രകാരം ഒരു വിദേശ നയതന്ത്രജ്ഞന്റെ പരിരക്ഷ റദ്ദാക്കി രാജ്യത്തുനിന്ന് തിരിച്ചയക്കാൻ അധികാരം നൽകുന്ന നടപടിയാണ് ‘പെർസോണ നോൺ ഗ്രാറ്റ’.
Controversial remark about merging Canada with the US; calls to expel the US Ambassador.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









