കാൽഗറി: കാൽഗറി നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ ചൂടും കാട്ടുതീയുടെ പുകയും കാരണം ജനജീവിതം ദുസ്സഹമാകുന്നു. അയൽ പ്രദേശങ്ങളായ വാഷിംഗ്ടൺ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നിന്നുള്ള പുകയാണ് കാൽഗറിയിലേക്കും ആർഡ്രിയിലേക്കും വ്യാപിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ വായുഗുണനിലവാര സൂചിക (AQHI) ഏറ്റവും അപകടകരമായ ’10’ എന്ന അളവിലേക്ക് ഉയർന്നു. രാജ്യത്ത് തന്നെ ഏറ്റവും മോശം വായുനിലവാരമാണ് വ്യാഴാഴ്ച ദക്ഷിണ ആൽബർട്ടയിൽ രേഖപ്പെടുത്തിയത്.
അടുത്ത കുറച്ചു ദിവസങ്ങളിലേക്ക് പുക പൂർണ്ണമായി ഒഴിഞ്ഞുപോകുവാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ വായുനിലവാരം ഇടയ്ക്കിടെ താഴാനും ഉയരാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെയും പുകയുടെ സാന്നിധ്യം ശക്തമായി തുടരും. ഉച്ചയോടെ താത്കാലിക ആശ്വാസം ലഭിച്ചേക്കാമെങ്കിലും, വൈകുന്നേരത്തോടെ വീണ്ടും വായുമലിനീകരണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ കാൽഗറിയിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. വെള്ളിയാഴ്ച 32 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ് പ്രവചനമെങ്കിലും, ആകാശത്ത് പുക നിറഞ്ഞുനിൽക്കുന്നതിനാൽ താപനിലയിൽ നേരിയ വ്യത്യാസമുണ്ടായേക്കാം. ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും കനത്ത ചൂടും പുകയും തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Calgary blanketed in wildfire smoke; air quality at critical levels.






