കാനഡയിലെ മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റ് ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. വെള്ളിയാഴ്ചയ്ക്കുള്ളിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ അടുത്തയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കാനഡയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി, കേന്ദ്ര മന്ത്രി എസ്.ജയശങ്കറിന് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ കുടുംബാംഗങ്ങൾക്ക് എല്ലാ സഹായവും നൽകാൻ ആരംഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ ആക്ടിങ് ഹൈക്കമ്മിഷണർ ചിൻമയ് നായിക് അറിയിച്ചു. ഹൈബി ഈഡൻ എംപിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കാനഡയിലെ മാനിറ്റോബയിൽ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.45നായിരുന്നു അപകടം. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ശ്രീഹരിയും കാനഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്സുമാണ് (20) മരിച്ചത്.



