ന്യൂഡൽഹി: രാജ്യത്തെ ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്ന ഭേദഗതി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പാർലമെന്റിന്റെ ഇരുസഭകളും 2023ൽ പാസാക്കിയ ഭേദഗതി ബില്ലിന് കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായത്. രാജ്യത്തെ ഓരോ ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
ജനനമോ മരണമോ നടന്ന് ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ രജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാകും. രണ്ട് വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷനിൽ നടപടികൾ കൂടുതൽ കർശനമാകും. നേരത്തെയുള്ള നിയമപ്രകാരം ഒരു വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷന് ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് മതിയായിരുന്നു.
നിലവിലെ ചട്ടപ്രകാരം ജനനമോ മരണമോ നടന്ന് 21 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തിയാൽ ഫീസില്ല. 21 മുതൽ 30 ദിവസത്തിനുള്ളിൽ നിശ്ചിത ഫീസ് അടച്ച് പ്രാദേശിക രജിസ്ട്രാർക്ക് രജിസ്റ്റർ ചെയ്യാം. 30 ദിവസം മുതൽ ഒരു വർഷം വരെയുള്ള രജിസ്ട്രേഷൻ വൈകിയുള്ള രജിസ്ട്രേഷനായി കണക്കാക്കും. ജില്ലാ രജിസ്ട്രാറുടെ രേഖാമൂലമുള്ള അനുമതിയും പിഴയും ഇതിന് ആവശ്യമാണ്.
പുതിയ നിയമപ്രകാരം ജനന-മരണ സർട്ടിഫിക്കറ്റുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടക്കൂട്. സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രായവും ജനനസ്ഥലവും തെളിയിക്കുന്ന പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








