തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി രൂപ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. ഇതോടെ മലയാള സിനിമാ ചരിത്രത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടുന്ന രണ്ടാമത്തെ ചിത്രമായി ഇത് മാറി. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’യാണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ചിത്രം. എന്നാൽ, 302 മുതൽ 304 കോടി രൂപ വരെയുള്ള ‘ലോക’യുടെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡിനെ വെറും 23 ദിവസത്തെ പ്രദർശനം കൊണ്ടാണ് ‘ബെത്‌ലഹേം’ മറികടക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ കുതിപ്പ് തുടരുന്നതിനാൽ ഫൈനൽ കളക്ഷൻ എത്രയെന്ന് പ്രവചിക്കുക അസാധ്യമാണെന്നാണ് വിലയിരുത്തലുകൾ.
കേരളത്തിൽ മാത്രമല്ല, അന്യഭാഷാ വിപണികളിലും ചിത്രം അഭൂതപൂർവമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ തുടരുന്നുണ്ട്. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 8,600-ലധികം ടിക്കറ്റുകളാണ് വിറ്റഴിയുന്നത്. ‘വാഴ 2’ വിന്റെ റെക്കോർഡ് തകർത്ത് ചിത്രം ഇതിനകം തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. സംവിധായകൻ ഗിരീഷ് എ.ഡി, ഭാവനാ സ്റ്റുഡിയോസ്, നടൻ നിവിൻ പോളി എന്നിവരുടെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമെന്ന ഖ്യാതിയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കിയിരിക്കുകയാണ്.
ബോക്‌സ് ഓഫീസ് തിരിച്ചടികൾ നേരിട്ട നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ക്രിസ്മസിന് എത്തിയ ‘സർവ്വം മായ’ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെ, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 300 കോടി ക്ലബ്ബിലും താരം സ്ഥാനമുറപ്പിച്ചു. ഇത് നിവിന്റെ കരിയറിലെ കരിയർ ബെസ്റ്റ് നേട്ടമാണ്.
നായിക മമിത ബൈജുവിനും ഈ വിജയം സമാനതകളില്ലാത്ത നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടെ മമിത ഭാഗമായ മൂന്ന് ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ കോടികൾ വാരിയത്. വിജയ് നായകനായ ‘ജനനായകൻ’ 300 കോടി പിന്നിട്ടപ്പോൾ, സൂര്യ നായകനായി 200 കോടി നേടിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലും മമിതയായിരുന്നു നായിക. ഇപ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ’ നായികയായി അഭിനയിച്ച ചിത്രം തന്നെ 300 കോടി ക്ലബ്ബിൽ എത്തിച്ചതിന്റെ അപൂർവ്വ നേട്ടത്തിലാണ് താരം.
Bethlehem Family Unit Makes Box Office History, Hits ₹300 Cr
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









