ടൊറന്റോ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും സ്ഥാപനത്തിന് തീയിടുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. ബ്രാംപ്ടണിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശിയായ ജസ്ജീത് സിംഗിനെയാണ് (29) പീൽ റീജിയണൽ പോലീസിന്റെ മേജർ ക്രൈംസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ മാസം മുതൽ പരാതിക്കാരനിൽ നിന്ന് ഇയാൾ തുടർച്ചയായി പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സെപ്റ്റംബർ 5 ശനിയാഴ്ച പുലർച്ചെ 4.45-ഓടെ പ്രതി പരാതിക്കാരന്റെ വ്യാപാര സ്ഥാപനത്തിൽ തീയിടുകയായിരുന്നു. തീപിടിത്തത്തിൽ സ്ഥാപനത്തിനും സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമായി ഏകദേശം ഒരു ലക്ഷം ഡോളറിന്റെ നാശനഷ്ടം സംഭവിച്ചു.
പിടിയിലായ ജസ്ജീത് സിംഗിനെതിരെ പണം തട്ടൽ കുറ്റം ചുമത്തി ബ്രാംപ്ടണിലെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
അതേസമയം, കാനഡയിലെ സറിയിൽ ഇന്ത്യൻ കൊമേഡിയൻ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കാപ്സ് കഫേയ്ക്ക് നേരെ നടന്ന വെടിവെപ്പ് കേസിൽ ഈ മാസം ആദ്യം രണ്ട് പേർ അറസ്റ്റിലായിരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സാണ് പർദീപ് സിംഗ്, സവീർ ഖാൻ എന്നിവരെ പിടികൂടിയത്. 2025 ഒക്ടോബർ 12-ന് പ്രതികൾ സറിയിലെ ഒരു വീട്ടിലേക്ക് വെടിയുതിർത്തതിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 16-നാണ് കാപ്സ് കഫേയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. കട അടച്ചിട്ടിരുന്ന സമയത്തായതിനാൽ ഉള്ളിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ
ഭീഷണിപ്പെടുത്തി പണം തട്ടുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം സെപ്റ്റംബർ വരെ 188-ലധികം പേർക്ക് നാടുകടത്തൽ നോട്ടീസ് നൽകിയതായും 111 പേരെ കാനഡയിൽ നിന്ന് പുറത്താക്കിയതായും കാനഡ ബോർഡർ സർവീസസ് ഏജൻസി അറിയിച്ചു. ഗ്രേറ്റർ ടൊറന്റോ മേഖലയിൽ മാത്രം 50 പേർക്ക് നോട്ടീസ് നൽകുകയും 23 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





