അറ്റ്‌ലാന്റ : ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിപ്പിച്ച നിമിഷങ്ങൾക്കാണ് അറ്റ്‌ലാന്റ സാക്ഷ്യം വഹിച്ചത്. ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ തോൽവിയുടെ വക്കിൽനിന്ന അർജന്റീന, അവസാന പതിനഞ്ച് മിനിറ്റിൽ നടത്തിയ അവിശ്വസനീയമായ പോരാട്ടവീര്യത്തിലൂടെ ക്വാർട്ടറിലേക്ക് മാർച്ച് നടത്തിയിരിക്കുകയാണ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മെസ്സിപ്പട നേടിയ ഈ വിജയം ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായി.

മത്സരത്തിന്റെ തുടക്കം മുതൽക്ക് തന്നെ അപ്രതീക്ഷിതമായ തിരിച്ചടികളാണ് അർജന്റീനയെ കാത്തിരുന്നത്. പതിനഞ്ചാം മിനിറ്റിൽ മർവാൻ അറ്റിയ നൽകിയ മനോഹരമായ പന്ത് ബോക്സിന് തൊട്ടുമുന്നിൽനിന്ന് യാസർ ഇബ്രാഹിം ഹെഡറിലൂടെ അർജന്റീനയുടെ വലയിലെത്തിച്ചതോടെ ഈജിപ്ത് ആദ്യ പ്രഹരം നൽകി. സമനില പിടിക്കാൻ അർജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല. ഇരുപത്തൊന്നാം മിനിറ്റിൽ ലഭിച്ച സുവർണ്ണാവസരമായ പെനൽറ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഈ ലോകകപ്പിൽ മെസ്സി നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ പെനൽറ്റിയായിരുന്നു ഇത്. ആദ്യ പകുതിയിൽ ജൂലിയൻ അൽവാരെസ് പോസ്റ്റിന് തൊട്ടുമുന്നിൽനിന്ന് തൊടുത്ത ഷോട്ടും ഈജിപ്ത് ഗോൾകീപ്പർ ഷോബെയ്ർ അതിവിദഗ്ധമായി തട്ടിയകറ്റിയതോടെ ആദ്യ പകുതി അർജന്റീനയ്ക്ക് നിരാശയുടേതായി മാറി.
രണ്ടാം പകുതിയിലും ഈജിപ്തിന്റെ മുന്നേറ്റമാണ് കണ്ടത്. എഴുപതാം മിനിറ്റിനോടടുക്കുമ്പോൾ മൊസ്തഫ സിക്കോയിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തിയതോടെ അർജന്റീനയുടെ ക്വാർട്ടർ പ്രവേശനത്തിന് മങ്ങലേറ്റു. മുഹമ്മദ് സലായിൽനിന്നു ലഭിച്ച മനോഹരമായ ക്രോസ് സിക്കോ അനായാസം വലയിലെത്തിക്കുകയായിരുന്നു. ഇതിനു തൊട്ടുമുൻപ് സിക്കോ നേടിയ മറ്റൊരു ഗോൾ വാർ പരിശോധനയിൽ ഫൗൾ വിളിച്ചതിനെത്തുടർന്ന് റദ്ദാക്കിയത് അർജന്റീനയ്ക്ക് നേരിയ ആശ്വാസം നൽകിയിരുന്നു. എന്നാൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതോടെ അർജന്റീന പരാജയത്തിലേക്ക് നീങ്ങുമെന്ന് ആരാധകർ ഭയപ്പെട്ടു.
എന്നാൽ കളിയുടെ അവസാന പതിനഞ്ച് മിനിറ്റുകളിൽ കണ്ടത് മറ്റൊരു അർജന്റീനയെയാണ്. എഴുപത്തിയൊമ്പതാം മിനിറ്റിൽ മെസ്സി തൊടുത്ത പന്ത് കൃത്യമായി തലവെച്ച് ക്രിസ്റ്റ്യൻ റൊമേരോ അർജന്റീനയുടെ ആദ്യ ഗോൾ നേടി. ആ ഗോൾ ആരാധകരിൽ ചെറിയ പ്രതീക്ഷ നൽകി. കേവലം നാല് മിനിറ്റിനുള്ളിൽ മെസ്സിയുടെ കാലുകളിൽ നിന്ന് വീണ്ടും മാജിക് പിറന്നു. ബോക്സിനകത്തുവെച്ച് ഈജിപ്ത് ഡിഫൻഡർമാരെ കബളിപ്പിച്ച് മെസ്സി തൊടുത്ത ഷോട്ട് വല തുളച്ചപ്പോൾ സ്കോർ ബോർഡ് 2-2 എന്ന നിലയിലായി. ഈ ലോകകപ്പിലെ മെസ്സിയുടെ എട്ടാമത്തെയും, കരിയറിലെ ഇരുപത്തിയൊന്നാമത്തെയും ലോകകപ്പ് ഗോളായിരുന്നു അത്.
ഇഞ്ചുറി ടൈമിൽ ഇരു ടീമുകളും വിജയത്തിനായി കളം നിറഞ്ഞു കളിച്ചു. ഏഴ് മിനിറ്റ് അധിക സമയമാണ് അനുവദിച്ചിരുന്നത്. രണ്ടാം മിനിറ്റിൽ അർജന്റീന നടത്തിയ അന്തിമ ആക്രമണം ഈജിപ്തിന്റെ പ്രതിരോധത്തെ തകർത്തു. ലൗട്ടാരോ മാർട്ടിനെസ് ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് മുന്നിൽ നിന്ന് എൻസോ ഫെർണാണ്ടസ് ഹെഡറിലൂടെ വലയിലാക്കിയതോടെ അർജന്റീന 3-2 എന്ന സ്കോറിന് അവിശ്വസനീയമായ വിജയം സ്വന്തമാക്കി. ഇതോടെ പ്രീക്വാർട്ടർ കടന്ന അർജന്റീന ക്വാർട്ടർ ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഫുട്ബോൾ ആരാധകർക്ക് എന്നും ഓർമിക്കാവുന്ന, ആവേശം നിറഞ്ഞ ഒരു മത്സരത്തിനാണ് അറ്റ്‌ലാന്റ സാക്ഷ്യം വഹിച്ചത്.
Argentina v/s Egypt match
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





