വാഷിങ്ടൺ : അമേരിക്കയിലെ ലൂസിയാനയിലുള്ള ഷ്രെവ്‌പോർട്ടിൽ ഏപ്രിൽ 19 ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. മുൻ സൈനികനായ ഷമർ എൽക്കിൻസ് (31) ആണ് തന്റെ ഏഴ് മക്കളുൾപ്പെടെയുള്ളവരെ വെടിവെച്ചുകൊന്നത്. കുടുംബതർക്കത്തെത്തുടർന്ന് ഭാര്യയുടെ വീട്ടിലെത്തിയ ഇയാൾ ഭാര്യയെയും കുട്ടികളെ നോക്കാൻ ഏൽപ്പിച്ചിരുന്ന സ്ത്രീയെയും വെടിവെച്ച് വീഴ്ത്തിയ ശേഷം കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ചുകൊന്നു.
ഭാര്യയുമായി ഏറെക്കാലമായി വഴക്കിലായിരുന്ന എൽക്കിൻസ്, മുൻപും കുട്ടികളെ വധിക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ഭീഷണി നിലനിന്നിരുന്നതിനാൽ കുട്ടികളെ മറ്റൊരു സ്ത്രീയുടെ സംരക്ഷണയിലാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ കുട്ടികളെ തേടിപ്പിടിച്ച് എത്തിയ എൽക്കിൻസ് അവിടെയുണ്ടായിരുന്ന 16 കുട്ടികൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. എട്ട് കുട്ടികൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ജനാലയിലൂടെ പുറത്തേക്ക് ചാടിയ ഒരു കുട്ടിയുടെ ഇരു കാലുകളും ഒടിഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എൽക്കിൻസിന്റെ ഭാര്യയും കുട്ടികളെ നോക്കിയിരുന്ന സ്ത്രീയും തലയ്ക്ക് വെടിയേറ്റ നിലയിൽ ചികിത്സയിൽ തുടരുകയാണ്. 2013 മുതൽ 2020 വരെ ലൂസിയാന ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഇയാൾക്ക് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. ആയുധവുമായി ഭാര്യയുടെ വീട്ടിലെത്തി നടത്തിയ ഈ അരുംകൊല ഷ്രെവ്‌പോർട്ട് നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
കൊലപാതകത്തിന് ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അയൽ നഗരമായ ബോസിയർ സിറ്റിയിൽ വെച്ചാണ് പോലീസ് വെടിവെച്ചുവീഴ്ത്തിയത്. സംഭവത്തിൽ ലൂസിയാന സ്റ്റേറ്റ് പോലീസും പ്രാദേശിക അധികൃതരും വിശദമായ അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഗാർഹിക അതിക്രമങ്ങളുടെ വർധനവിനെക്കുറിച്ച് അധികൃതർ ആശങ്ക പ്രകടിപ്പിക്കുകയും കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
Another massacre shakes America; Father shoots and kills eight children in Louisiana
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



