കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ രംഗത്തെത്തി. ഈ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ പൂർണ്ണമായും തകർക്കുമെന്ന് സംഘടന ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങൾ പൊതുഗതാഗത സംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്നും, അതിനാൽ സർക്കാർ ഈ നീക്കം പുനഃപരിശോധിക്കണമെന്നും പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ സംഘടന ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി കണക്കുകൾ പ്രകാരം പ്രതിദിനം 19 ലക്ഷത്തോളം സ്ത്രീകളാണ് യാത്രാ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ മാത്രമായി ചുരുങ്ങുന്ന അവസ്ഥയുണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. തമിഴ്നാട്ടിലും കർണാടകയിലും ഉള്ളതുപോലെയല്ല കേരളത്തിലെ സാഹചര്യമെന്നും, ഇവിടെ സ്വകാര്യ ബസുകൾ വലിയൊരു ശതമാനം സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉടമകളുമായി ചർച്ച നടത്താതെ എടുത്ത ഈ തീരുമാനം നീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി സതീശന്റെ ‘പുതുയുഗ യാത്ര’യ്ക്കിടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നതായി ടി. ഗോപിനാഥൻ ഓർമ്മിപ്പിച്ചു. എന്നാൽ പ്രഖ്യാപനം വന്നപ്പോൾ മേഖലയെ പാടെ അവഗണിച്ച മട്ടാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, വിഷയത്തിൽ അടിയന്തരമായി ബസ് ഉടമകളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
Announcement of free travel for women is unilateral; Private bus owners demand discussion
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



