കൊച്ചി: ഉദ്ഘാടന വേദികളിലെ ശരീരവണ്ണത്തിന്റെ പേരിൽ നിരന്തരം ബോഡി ഷെയ്മിങ് നേരിട്ടതിന് പിന്നാലെ ശക്തമായ മറുപടിയുമായി നടി അന്ന രേഷ്മ രാജൻ. താൻ തടി കുറച്ചത് ‘എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതുകൊണ്ടല്ലെന്നും, കഠിനാധ്വാനം ചെയ്ത് നേടിയതാണെന്നും നടി വ്യക്തമാക്കി. തനിക്ക് ‘ഹാഷിമോട്ടോ തൈറോയിഡൈറ്റിസ്’ എന്ന അസുഖമുണ്ടായിരുന്നുവെന്നും അതിനുള്ള ചികിത്സയിലായിരുന്നെന്നും അന്ന തുറന്നുപറഞ്ഞു.
ശരീര വലുപ്പത്തെക്കുറിച്ചുള്ള പരിഹാസ കമന്റുകൾക്ക് മറുപടി നൽകിക്കൊണ്ടാണ് അന്ന രേഷ്മ രാജൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ‘ലിച്ചി’ എന്ന വിളിപ്പേരിൽ പ്രശസ്തയായ അന്ന, ഉദ്ഘാടന വേദികളിലെ വസ്ത്രധാരണത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
അന്നയുടെ വാക്കുകൾ:
“സുഹൃത്തുക്കളേ, ഞാൻ ‘എക്സ്ട്രാ ഫിറ്റിങ്’ ഉപയോഗിക്കാൻ മറന്നതല്ല, മറിച്ച് ഭാരം കുറയ്ക്കാൻ വളരെയധികം പരിശ്രമിച്ചതാണ്. ഇപ്പോൾ എനിക്ക് വണ്ണം കുറഞ്ഞു, വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യകരമായതായി തോന്നുന്നു. നിങ്ങളിൽ പലർക്കും അറിയുന്നതുപോലെ, ഞാൻ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു. തടി കുറച്ചപ്പോൾ എനിക്ക് മുമ്പത്തേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം ഉണ്ട് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.
‘ഞാൻ എക്സ്ട്രാ ഫിറ്റിങ് വെക്കാറുണ്ട്’ എന്ന രീതിയിലുള്ള കമന്റുകൾ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ ഞാൻ അത് ആസ്വദിച്ചു. കാരണം ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടി.”
യൂട്യൂബർമാർക്കുള്ള മറുപടി:
ശരീര വണ്ണത്തെ ബന്ധപ്പെടുത്തി കണ്ടന്റ് ഉണ്ടാക്കുന്ന സോഷ്യൽ മീഡിയ പേജുകൾക്കും യൂട്യൂബർമാർക്കും നടി ശക്തമായ മറുപടിയും നൽകി.
“എല്ലാ യൂട്യൂബർമാരോടും എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും പറയുകയാണ് ഞാൻ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാൽ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക, പക്ഷേ അത് ദയയുള്ളതായിരിക്കട്ടെ.” – അന്ന രാജൻ കുറിച്ചു.
നടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളും ബോഡി ഷെയ്മിങ് വിമർശനങ്ങളുമാണ് പലപ്പോഴും താരത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് വഴി വെച്ചിരുന്നത്. ഇതിനാണ് ശക്തമായ ഭാഷയിൽ അന്ന ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Anna Reshma Rajan Opens Up About Weight Loss






