തിരുവനന്തപുരം: പ്രമുഖ തെന്നിന്ത്യൻ താരം അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പ് 20 വർഷത്തിന് ശേഷമാണ് റീ-റിലീസിന് ഒരുങ്ങുന്നത്. വരുന്ന ജൂൺ 12-ന് ‘4K അൾട്രാ ഇംപാക്റ്റ്’ (4K Ultra Impact) സാങ്കേതിക മികവോടെയാണ് ചിത്രം സംസ്ഥാനത്തെ പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുക.
രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസനാണ് ചിത്രം കേരളത്തിൽ വീണ്ടും വിതരണത്തിന് എത്തിക്കുന്നത്. എ. കരുണാകരൻ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘ഹാപ്പി’, റിലീസ് ചെയ്ത സമയത്ത് കേരളത്തിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അക്കാലത്ത് 150 ദിവസത്തിലധികം ഈ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചിരുന്നു. അല്ലു അർജുന് കേരളത്തിൽ വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുക്കുന്നതിൽ ഈ ചിത്രം പ്രധാന പങ്കുവഹിച്ചു.
അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ദൃശ്യ-ശ്രാവ്യ മികവോടെ എത്തുന്ന ചിത്രത്തിന്റെ രണ്ടാം വരവിനും വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് സിനിമാ മേഖലയിലെ കണക്കുകൂട്ടലുകൾ. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ വാർത്താപ്രചരണം നിർവ്വഹിക്കുന്നത്.
നിലവിൽ പ്രശസ്ത സംവിധായകൻ ആറ്റ്ലിയുടെ പുതിയ ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന 500 കോടി ബജറ്റ് ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Allu Arjun's film 'Happy', which shook Kerala, is back in theaters; Re-release on June 12th in 4K visuals









