ഒട്ടാവ : കാനഡയിലെ മദ്യശാലകളിലെ വിൽപനയിൽ തുടർച്ചയായ നാലാം വർഷവും കുറവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2024 മാർച്ച് മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ മദ്യത്തിന്റെ വിലയിൽ 1.6 ശതമാനം വർദ്ധനവുണ്ടായെങ്കിലും വിൽപനയുടെ അളവിൽ 1.6 ശതമാനം ഇടിവാണ് സംഭവിച്ചത്. അതേസമയം, വിനോദ ആവശ്യങ്ങൾക്കുള്ള കഞ്ചാവിന്റെ വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 5.5 ബില്യൺ ഡോളറിന്റെ കഞ്ചാവ് വിൽപനയാണ് ഇക്കാലയളവിൽ നടന്നതെന്ന് ഏജൻസി അറിയിച്ചു.
മദ്യപാനം കുറയ്ക്കുന്ന പ്രവണത കാനഡയിൽ മാത്രമല്ല, വടക്കേ അമേരിക്കയിലും യൂറോപ്പിലും പ്രകടമാണെന്ന് ഒട്ടാവയിലെ കാൾട്ടൺ സർവകലാശാല പ്രൊഫസർ റോഡ് ഫിലിപ്സ് വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലോ സാമ്പത്തിക പരിമിതികളാലോ ആളുകൾ മദ്യപാനം നിയന്ത്രിക്കാൻ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. മദ്യപാനം ഒഴിവാക്കുന്നത് ഉൽപ്പാദനക്ഷമതയും ക്ഷമയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയും ഹെൽത്ത് കാനഡയും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകൾ ഇതിന് കാരണമായിട്ടുണ്ട്.
യുവതലമുറ മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ശൈലി കൂടുതലായി സ്വീകരിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി ഫിലിപ്സ് അറിയിച്ചു. വിനോദങ്ങൾക്കും ആഘോഷങ്ങൾക്കും മദ്യം അവിഭാജ്യ ഘടകമാണെന്ന ധാരണയിൽ മാറ്റം വരികയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ മദ്യം ഒഴിവാക്കിയുള്ള പകൽസമയ നൃത്തവിരുന്നുകൾ (Morning dance parties) വർദ്ധിക്കുന്നത് ഇതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സാമൂഹികവും ധാർമ്മികവുമായ കാരണങ്ങളാലാണ് മദ്യനിരോധനം നടപ്പിലാക്കിയിരുന്നതെങ്കിൽ, നിലവിലെ മാറ്റത്തിന് പിന്നിൽ ആരോഗ്യപരമായ അവബോധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മദ്യവിൽപനയിലെ ഇടിവ് വൈൻ ഉൽപ്പാദന മേഖലയെയും അനുബന്ധ തൊഴിലുകളെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, പുകയില വ്യവസായം നേരിട്ടതുപോലുള്ള മാറ്റങ്ങൾ മദ്യവ്യവസായത്തിലും സംഭവിക്കാമെന്ന് ഫിലിപ്സ് നിരീക്ഷിച്ചു. വരും വർഷങ്ങളിൽ മദ്യപാന ശീലങ്ങളിൽ എന്ത് മാറ്റമുണ്ടാകുമെന്ന് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യം ഒരു വ്യക്തിപരമായ താൽപ്പര്യം മാത്രമാണെന്നും അത് ഇല്ലാതായാൽ പോലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alcohol out, cannabis in? Huge drop in alcohol sales in Canada, new figures show!



