കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ ഒക്ടോബർ 19-ന് നടക്കുന്ന റഫറണ്ടത്തിൽ ഫെഡറൽ സർക്കാരിന്റെ ധനസഹായ പദ്ധതികളെ സംബന്ധിച്ച നിർണായക ഭരണഘടനാ ചോദ്യം വോട്ടർമാർക്ക് മുന്നിലെത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നൽകുന്ന പണത്തിനൊപ്പം പല നിബന്ധനകളും വയ്ക്കാറുണ്ട്. എന്നാൽ പ്രവിശ്യകളുടെ കാര്യങ്ങളിൽ ഫെഡറൽ സർക്കാർ ഇടപെടുന്നത് ഒഴിവാക്കാനാണ് ആൽബർട്ട സർക്കാർ ജനങ്ങളുടെ അഭിപ്രായം തേടുന്നത്.
കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ കുറയ്ക്കാനാണ് ആൽബർട്ട ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. മുൻപ് 1980-കളിലും ഇത്തരമൊരു ചർച്ച വന്നിരുന്നെങ്കിലും, ഫെഡറൽ സർക്കാറിന്റെ ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള പദ്ധതികൾ പ്രവിശ്യകൾ നടപ്പാക്കണം എന്നൊരു വ്യവസ്ഥ അന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത്തരം നിബന്ധനകളൊന്നും ഇല്ലാതെ തന്നെ ഫെഡറൽ സർക്കാർ നൽകുന്ന പണം പ്രവിശ്യയ്ക്ക് കിട്ടണം എന്നാണ് ആൽബർട്ടയുടെ ആവശ്യം. നിലവിൽ ഫാർമകെയർ, ഡെന്റൽ കെയർ തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ നിന്ന് മാറിനിൽക്കാൻ ആൽബർട്ട ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നടപടികൾ പൂർത്തിയായിട്ടില്ല.
Also Read : പൊതുസ്ഥാപനങ്ങളിൽ പ്രാർഥനയ്ക്ക് വിലക്ക്; ക്യുബെക്കിൽ പുതിയ നിയമം പ്രാബല്യത്തിൽ
വോട്ടെടുപ്പിൽ ജനങ്ങൾ “അതെ” എന്ന് വോട്ട് ചെയ്താലും നിയമത്തിൽ പെട്ടെന്ന് മാറ്റം വരുത്താൻ കഴിയില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ഇത്തരം ഒരു മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര പാർലമെന്റിന്റെ പിന്തുണ വേണം. കൂടാതെ കാനഡയിലെ പകുതി ജനങ്ങളെ എങ്കിലും പ്രതിനിധീകരിക്കുന്ന ഏഴ് പ്രവിശ്യകളുടെ പിന്തുണയും ഇതിന് ആവശ്യമാണ്. ആരോഗ്യ രംഗത്ത് എല്ലാ പ്രവിശ്യകളും ഒന്നിച്ച് നിൽക്കുന്നതാണ് കൂടുതൽ നല്ലതെന്ന അഭിപ്രായവും വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഏതായാലും ഒക്ടോബർ 19-ന് നടക്കുന്ന വോട്ടെടുപ്പ് കാനഡയുടെ ഭരണരംഗത്ത് വളരെ നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









