ആൽബർട്ട: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുപണം നൽകുന്നതിനെതിരെ ആൽബർട്ട ജനഹിതപരിശോധന (Referendum) നടത്തണമെന്നാവശ്യപ്പെട്ട് പൗരൻമാർ നയിക്കുന്ന പ്രചാരണം ശക്തമാകുന്നു. നികുതിദായകരുടെ പണം സ്വകാര്യ സ്കൂളുകൾക്ക് നൽകുന്നത് തുടരണോ എന്ന ചോദ്യത്തിൽ സംസ്ഥാന വ്യാപകമായി ഒപ്പ് ശേഖരണം പുരോഗമിക്കുകയാണ്. “അംഗീകാരമുള്ള സ്വതന്ത്ര (പ്രൈവറ്റ്) സ്കൂളുകൾക്ക് പൊതുഫണ്ടുകൾ നൽകുന്ന നിലവിലെ സമ്പ്രദായം ആൽബർട്ട സർക്കാർ അവസാനിപ്പിക്കണോ?” എന്നതാണ് ഹർജിയിലെ പ്രധാന ചോദ്യം. സ്വകാര്യ സ്കൂളുകൾക്ക് ഉയർന്ന നിരക്കിൽ ഫണ്ട് നൽകുമ്പോൾ, പൊതുവിദ്യാലയങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഫണ്ട് ലഭിക്കുന്നതെന്ന് ഹർജി നൽകാൻ നേതൃത്വം നൽകുന്ന അലീഷ്യ ടെയ്ലർ അഭിപ്രായപ്പെട്ടു. നിലവിൽ, ആൽബർട്ടയുടെ കെ-12 വിദ്യാഭ്യാസ ബഡ്ജറ്റിൻ്റെ ഏകദേശം 5 ശതമാനമായ 461 മില്യൺ ഡോളറിലധികം (ഏകദേശം ₹3,800 കോടി), സ്വകാര്യ സ്കൂളുകൾക്കായി നീക്കിവെക്കുന്നുണ്ട്. ഇത് അടുത്ത വർഷം 500 മില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഹർജി വിജയിക്കണമെങ്കിൽ, കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ 10 ശതമാനം, അതായത് 1,77,000-ത്തിലധികം ആൽബർട്ടക്കാരുടെ ഒപ്പുകൾ ലഭിക്കണം. ഒപ്പ് ശേഖരണം വിജയകരമായാൽ, നിയമസഭ സ്പീക്കർക്ക് ഇത് കൈമാറുകയും, തുടർന്ന് പുതിയ നയം രൂപീകരിക്കണോ അതോ പ്രവിശ്യാ തലത്തിൽ വോട്ടെടുപ്പിന് പോകണോ എന്ന് എം.എൽ.എമാർ തീരുമാനിക്കുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്‌സ് സ്വകാര്യ സ്കൂളുകൾക്ക് ഫണ്ട് നൽകുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ജനഹിതപരിശോധന നടന്നാൽ അതിനനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alberta petition asks if public money should be spent on private education






