കാൽഗറി: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമായാൽ ആൽബർട്ടയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് ആൽബർട്ട ട്രാൻസിഷൻ കൗൺസിൽ അറിയിച്ചു. പുതിയ സ്വാതന്ത്ര്യ ബജറ്റ് റിപ്പോർട്ട് അനുസരിച്ച്, മാറ്റത്തിനായി തുടക്കത്തിൽ 5 ബില്യൺ ഡോളർ മാത്രമേ ചെലവ് വരൂ. തുടർന്നുള്ള വർഷങ്ങളിൽ 22.2 ബില്യൺ മുതൽ 32.1 ബില്യൺ ഡോളർ വരെ ബജറ്റ് മിച്ചം ലഭിക്കുമെന്നാണ് കൗൺസിലിന്റെ കണക്കുകൂട്ടൽ. പുതിയ രാജ്യം സ്ഥാപിക്കുന്നതിന് തടസ്സങ്ങളില്ലെന്നും സാമ്പത്തികമായി ലാഭകരമാണെന്നും ATC ഭാരവാഹികൾ അവകാശപ്പെടുന്നു.
വേർപിരിയുന്നതിലൂടെ ഓരോ വർഷവും ശേഷിക്കുന്ന തുക ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കാനും പ്രവിശ്യയുടെ കടങ്ങൾ വീട്ടാനും ഉപയോഗിക്കാമെന്ന് ഡെന്നിസ് കാല്മ പറഞ്ഞു. റോഡുകളും പാലങ്ങളും അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കും ഭാവിയിലേക്കുള്ള സമ്പാദ്യത്തിനും ഈ പണം മാറ്റിവെക്കാം. കാനഡയുടെ നിലവിലുള്ള ഭരണരീതി ആവശ്യമില്ലാത്ത ചെലവുകൾ ഉണ്ടാക്കുന്നതാണ്. എന്നാൽ ആൽബർട്ട ഒരു ചെറിയ രാജ്യമായാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ചെയ്തുതീർക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വേർപിരിയലിന് വലിയ ചെലവ് വരുമെന്ന് കാൽഗറി സർവകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക് പോളിസി റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് വർഷത്തിനുള്ളിൽ 50 ബില്യൺ മുതൽ 170 ബില്യൺ ഡോളർ വരെ നിർമാണ ചെലവ് വരുമെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. പ്രവിശ്യയ്ക്ക് 200 ബില്യൺ ഡോളറിലധികം ചെലവ് വരുമെന്ന് മുൻ ട്രഷറി ബോർഡ് ഉദ്യോഗസ്ഥനായ ലെനി കാപ്ലനും അഭിപ്രായപ്പെട്ടു. പ്രധാന ചെലവുകൾ ഒഴിവാക്കിയുള്ള ATC കണക്കുകൾ കാര്യങ്ങൾ വിചാരിക്കുന്നത്ര ലളിതമക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കാനഡയുടെ പൊതു കടത്തിന്റെ പങ്ക് ആൽബർട്ട ഏറ്റെടുക്കേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് പ്രവിശ്യയുടെ കടബാധ്യത 324 ബില്യൺ മുതൽ 442.3 ബില്യൺ ഡോളർ വരെ ഉയർത്തും. ആഗോള നിയമങ്ങൾ അനുസരിച്ചുള്ള സൈനിക ചെലവുകളും തദ്ദേശീയ സമൂഹങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങളും ATC റിപ്പോർട്ടിൽ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ പലിശ ഇനത്തിൽ മാത്രം വൻ തുക തിരിച്ചടയ്ക്കേണ്ടിയും വരും.
Also Read: ‘ബിൽ C-39’ പാർലമെന്റിൽ: പണിമുടക്ക് അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാരിന് ഇനി കൂടുതൽ അധികാരം
നിലവിൽ ഫെഡറൽ സർക്കാർ നൽകുന്ന പെൻഷനുകളും മറ്റ് സാമ്പത്തിക സഹായങ്ങളും സ്വന്തമായി നൽകിത്തുടങ്ങുന്നത് പുതിയ രാജ്യത്തിന് വൻ സാമ്പത്തിക ബാധ്യതയാകും. മുതിർന്ന പൗരന്മാർക്കുള്ള ധനസഹായങ്ങൾ ആൽബർട്ട സ്വന്തം പെൻഷൻ പദ്ധതിയിലേക്ക് മാറ്റിയാൽ, അത് നികുതി കൂട്ടാൻ കാരണമായേക്കാം. സാമ്പത്തിക ഭീഷണികളും മറ്റ് രാജ്യങ്ങളുമായുള്ള കച്ചവട കരാറുകളിലെ തടസ്സങ്ങളും പരിഹരിക്കാതെ വേർപിരിയൽ എളുപ്പമാകില്ലെന്ന് സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ട്രെവർ ടോംബെ ചൂണ്ടിക്കാണിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









