എഡ്മന്റൺ: ഹൃദയാഘാതം വന്നയാളുടെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് ആംബുലൻസ് ഫീസായി 250 ഡോളർ ബിൽ നൽകിയ സംഭവം ആൽബർട്ടയിൽ വലിയ വിവാദമാകുന്നു. സംഭവം ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായതോടെ പ്രവിശ്യാ സർക്കാർ ഡോക്ടറുടെ ബിൽ റദ്ദാക്കി. കൂടാതെ, നിലവിലുള്ള ആംബുലൻസ് ഫീസ് നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അടിയന്തരമായി പുനഃപരിശോധന നടത്തുമെന്നും സർക്കാർ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂൺ 19-ന് എഡ്മന്റണിൽ ഒരു ബാസ്കറ്റ്ബോൾ മത്സരത്തിനിടെയാണ് ഈ സംഭവം നടന്നത്. കളി കാണുകയായിരുന്ന ഒരു രക്ഷിതാവ് പെട്ടെന്ന് ഹൃദയാഘാതം വന്ന് നിലത്തു വീണപ്പോൾ, അവിടെയുണ്ടായിരുന്ന ഡോ. ഇയാൻ സുട്ടാന്റോ എന്ന കുടുംബഡോക്ടർ ഉടൻ തന്നെ പ്രാഥമിക ചികിത്സയും (CPR) AED ഉപയോഗിച്ച് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. തൊട്ടുപിന്നാലെ ആംബുലൻസ് എത്തി രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ഈ രക്ഷാപ്രവർത്തനത്തിന്റെ ക്ഷീണം കാരണം ഡോക്ടർക്ക് ചെറിയ തലകറക്കം തോന്നിയതിനാൽ ആംബുലൻസ് ജീവനക്കാർ അദ്ദേഹത്തെ അവിടെവെച്ച് പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞപ്പോൾ, ആശുപത്രിയിൽ കൊണ്ടുപോയില്ലെങ്കിലും സ്ഥലത്തുവെച്ച് പരിശോധിച്ചതിന് ഡോക്ടർക്ക് 250 ഡോളറിന്റെ ബിൽ അധികൃതർ അയക്കുകയായിരുന്നു.
ആൽബർട്ടയിലെ നിലവിലെ നിയമമനുസരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പോകുന്നവർക്ക് 385 ഡോളറും, ആശുപത്രിയിൽ പോകാതെ സ്ഥലത്തുവെച്ച് പരിശോധന മാത്രം നടത്തുന്നവർക്ക് 250 ഡോളറും ഫീസ് ഈടാക്കാറുണ്ട്. ഈ നിയമമാണ് ജീവൻ രക്ഷിച്ച ഡോക്ടർക്കും വിനയായത്. കാനഡയിൽ ആംബുലൻസ് ഫീസ് വളരെ കൂടുതലായതുകൊണ്ട് തന്നെ, പണം പേടിച്ച് 25 ശതമാനത്തോളം ആളുകൾ അടിയന്തര ഘട്ടങ്ങളിൽ പോലും ആംബുലൻസ് വിളിക്കാൻ മടിക്കാറുണ്ടെന്ന് മുൻ സർവേകൾ വ്യക്തമാക്കുന്നു. ഡോക്ടറുടെ അനുഭവം വാർത്തയായതോടെ ആൽബർട്ട ഹെൽത്ത് സർവീസസ് ബിൽ റദ്ദാക്കുകയും, മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നിയമം പരിഷ്കരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഡോക്ടർ കൃത്യസമയത്ത് നൽകിയ ചികിത്സ കാരണം രോഗി ഇപ്പോൾ പൂർണ്ണ സുഖം പ്രാപിച്ചുവരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ambulance bill issued to doctor who saved patient's life; Alberta government to change policy following outcry.






