എഡ്മന്റൺ: എഡ്മന്റണിലെ മുൻ ഫിസിഷ്യൻ വില്യം മക്കിസ് സമർപ്പിച്ച അപ്പീൽ അപേക്ഷ ആൽബർട്ട കോർട്ട് ഓഫ് അപ്പീൽ തള്ളി. മെഡിക്കൽ പ്രാക്ടീസ് നടത്തുന്നതിനും ലൈസൻസുള്ള ആളാണെന്ന് വ്യക്തമാക്കുന്ന പദവികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയ മുൻ കോടതി ഉത്തരവിനെതിരെയാണ് മക്കിസ് അപ്പീലിന് അനുമതി തേടിയത്. ജൂൺ 17-ന് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് കെവിൻ ഫെത് അപ്പീൽ അപേക്ഷ നിരസിക്കുകയായിരുന്നു. 2019 മുതൽ പ്രാക്ടീസ് പെർമിറ്റ് ഇല്ലാത്ത മക്കിസ്, നിയമവിരുദ്ധമായി ‘ക്യാൻസർ കോച്ചിംഗ്’ നടത്തുകയും ഇവർമെക്റ്റിൻ പോലുള്ള മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് അൽബെർട്ട (CPSA) മുൻപ് കോടതിയെ സമീപിച്ചത്.
നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവുകൾ മനഃപൂർവം ലംഘിച്ചതിനെ തുടർന്ന് കോർട്ട് ഓഫ് കിംഗ്സ് ബെഞ്ച് 2026 മാർച്ചിൽ മക്കിസിനെതിരെയുള്ള വിലക്ക് സ്ഥിരപ്പെടുത്തിയിരുന്നു. താൻ ഡോക്ടർ അല്ലെങ്കിൽ ഓങ്കോളജിസ്റ്റ് എന്നീ പദവികൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ലംഘിച്ചാൽ മക്കിസ് ജയിൽ ശിക്ഷ നേരിടേണ്ടിവരുമെന്ന് നിലവിലെ കോടതി വിധിയിൽ വ്യക്തമാക്കുന്നു. വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി അന്താരാഷ്ട്രതലത്തിൽ 8,500-ലധികം ആളുകൾക്ക് സേവനം നൽകിയിട്ടുണ്ടെന്ന് മക്കിസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ച് ചികിത്സാ പ്രോട്ടോക്കോളുകൾ നൽകുന്നത് മെഡിക്കൽ പ്രാക്ടീസ് തന്നെയെന്ന് കോടതി വിലയിരുത്തി.
താൻ ഫ്ലോറിഡയിലേക്ക് മാറാൻ പദ്ധതിയിടുന്നതിനാൽ അൽബെർട്ടയിലെ പൊതുജനങ്ങൾക്ക് ഭീഷണിയല്ലെന്നും തന്റെ പ്രസിദ്ധീകരണങ്ങളിൽ ഡിസ്ക്ലൈമറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മക്കിസ് വാദിച്ചെങ്കിലും കോടതി ഇത് നിരസിച്ചു. സ്ഥലം മാറുന്നത് മുൻപ് നടത്തിയ കോടതി ഉത്തരവ് ലംഘനങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് ഫെത് വ്യക്തമാക്കി. അനധികൃത മെഡിക്കൽ പരിചരണത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കാനാണ് തങ്ങൾ നിയമനടപടി സ്വീകരിച്ചതെന്ന് സിപിഎസ്എ അറിയിച്ചു. കോവിഡ്-19 വാക്സിനുകളും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ മെയ്ൻസ്ട്രീം മെഡിക്കൽ സമൂഹം തള്ളിക്കളഞ്ഞ വാദങ്ങൾ മക്കിസ് പ്രചരിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Alberta court rejects former doctor William McKiss’ appeal; ban on cancer coaching to remain
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





