കാസർഗോഡ്: ഉക്രെയ്ൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയനാണ് (25) ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഖിൽ ഉൾപ്പെടെ നാല് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഏപ്രിലിൽ വിവാഹം നടക്കാനിരിക്കെയാണ് അഖിലിന്റെ ആകസ്മിക വേർപാട്. ഏക മകന്റെ മരണവാർത്തയറിഞ്ഞ് വിറങ്ങലിച്ചു നിൽക്കുകയാണ് വെള്ളരിക്കുണ്ടിലെ ഗ്രാമവും കുടുംബവും.
ഞായറാഴ്ച ഉക്രെയ്നിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെടുകയായിരുന്ന ‘എം.വി ഗോൾഡൻ ലിയോ’ എന്ന ഗിനിയ-ബിസാവു ഫ്ലാഗ് ചെയ്ത ചരക്കുകപ്പലിന് നേരെയായിരുന്നു ആക്രമണം. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ കമ്പനി അധികൃതർ ഇമെയിൽ വഴിയാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. ആദ്യം കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായും അതിലൊന്ന് അഖിലിന്റേതാണെന്നും സ്ഥിരീകരിച്ചത്. ഞായറാഴ്ച വൈകുന്നേരവും അഖിൽ പിതാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
പത്തൊൻപതാം വയസ്സിൽ മർച്ചന്റ് നേവിയിൽ ചേർന്ന അഖിൽ, പ്രദേശത്തെ അറിയപ്പെടുന്ന ഒരു വടംവലി താരം കൂടിയായിരുന്നു. ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനായ പിതാവ് ജോയനും ഇൻഷുറൻസ് ഏജന്റായ മാതാവും അടങ്ങുന്ന സാധാരണ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ ചെറുപ്പക്കാരൻ. മൂന്നു മാസം മുൻപായിരുന്നു അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പുതിയ വീട്ടിലേക്ക് താമസം മാറിയ കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണ് അഖിലിന്റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ഇന്ത്യ കടുത്ത പ്രതിഷേധമറിയിക്കുകയും റഷ്യൻ സ്ഥാനപതി വ്ലാഡിമിർ ലാഡനോവിനെ വിളിച്ച് വരുത്തുകയും ചെയ്തു. അഖിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി കുടുംബം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജനപ്രതിനിധികൾ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും ആവശ്യമായ നടപടികൾ ഉറപ്പുനൽകുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും റഷ്യൻ കോൺസുലേറ്റുമായും ഏകോപിപ്പിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നോർക്ക വകുപ്പ് വഴി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
Kasaragod Merchant Navy Officer Killed in Ukraine Attack
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





