ഓട്ടവ: കാനഡയിലെ വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാരുടെ ബാഗ് ടാഗുകൾ മാറ്റി ലഹരിമരുന്ന് കടത്തുന്ന സംഭവങ്ങൾ തടയാൻ പുതിയ സുരക്ഷാ സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നു. സാധാരണ ബാഗ് ടാഗുകൾക്ക് പകരം ഒരിക്കൽ നീക്കം ചെയ്താൽ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത ടാഗുകൾ കൊണ്ടുവരണമെന്നാണ് മോൺട്രിയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാംപർഗാർഡ് കമ്പനിയുടെ ഉടമ ബിൽ ഡ്രോറിയുടെ നിർദേശം.
ബാഗ് ടാഗ് സ്വിച്ചിംഗ് എന്നറിയപ്പെടുന്ന തട്ടിപ്പിൽ വിമാനത്താവളത്തിലെ അഴിമതിക്കാരായ ജീവനക്കാർ യാത്രക്കാരുടെ യഥാർഥ ബാഗിൽനിന്ന് ടാഗ് മാറ്റി ലഹരിമരുന്ന് നിറച്ച മറ്റൊരു സ്യൂട്ട്കേസിൽ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ലഹരിമരുന്ന് അടങ്ങിയ ബാഗ് സംശയമില്ലാത്ത യാത്രക്കാരന്റെ പേരിൽ വിദേശരാജ്യങ്ങളിലേക്ക് കടത്താൻ കഴിയുന്നു. ഇത്തരത്തിലുള്ള രണ്ട് ഡസനിലധികം കേസുകൾ W5 കണ്ടെത്തിയിട്ടുണ്ട്. ചില കനേഡിയൻ യാത്രക്കാർ ഇതിന്റെ പേരിൽ വിദേശരാജ്യങ്ങളിൽ തടവിലാകുകയും ചെയ്തിട്ടുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരമായി ബിൽ ഡ്രോറി പത്ത് വർഷം മുമ്പ് പ്രത്യേക ബാഗേജ് ടാഗ് വികസിപ്പിച്ചിരുന്നു. ടാഗ് ഒരിക്കൽ നീക്കം ചെയ്താൽ അതിൽ ‘VOID’ എന്ന അടയാളം തെളിയുകയും ഒരിക്കൽ എടുത്തുമാറ്റിയാൽ പിന്നീട് പഴയതുപോലെ ഉപയോഗിക്കാൻ കഴിയില്ല. 2016-ൽ കൊളംബിയൻ വിമാനക്കമ്പനിയായ ഏവിയങ്കയ്ക്കായി ഈ സംവിധാനം അവതരിപ്പിച്ചെങ്കിലും പിന്നീട് പദ്ധതി മുന്നോട്ടുപോയില്ല.
മെയ് മാസത്തിൽ W5 ഇതുസംബന്ധിച്ച അന്വേഷണം പുറത്തുവിട്ടതിനു പിന്നാലെ ഫെഡറൽ ഗതാഗതമന്ത്രി സ്റ്റീവൻ മക്കിന്നന്റെ ഓഫീസുമായി ഡ്രോറി ബന്ധപ്പെട്ടിരുന്നു. ടൊറന്റോ പിയേഴ്സൺ വിമാനത്താവളം നിയന്ത്രിക്കുന്ന ഗ്രേറ്റർ ടൊറന്റോ എയർപോർട്ട്സ് അതോറിറ്റിയുമായും ചർച്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Also Read: യുഎസ് വിമാന പ്രതിസന്ധി കാനഡയിലും; താളംതെറ്റി സർവീസുകൾ
W5-നോട് സംസാരിച്ച ഗതാഗതമന്ത്രി സ്റ്റീവൻ മക്കിന്നൻ, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുന്ന നടപടികളെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി കൊണ്ടുപോകാൻ ഇതിനകം കൃത്രിമം തിരിച്ചറിയാവുന്ന സീൽ ചെയ്ത ബാഗുകൾ ഉപയോഗിക്കുന്നുണ്ട്. സമാനമായ സാങ്കേതികവിദ്യ ബാഗ് ടാഗുകളിലും നടപ്പാക്കാനാകുമെന്നാണ് ഡ്രോറിയുടെ നിലപാട്. എന്നാൽ കാനഡയിലെ വിമാനത്താവളങ്ങളിൽ ഈ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





