മോൺട്രിയൽ: ദേശീയ അസംബ്ലി അംഗങ്ങൾ ബ്രിട്ടീഷ് രാജാവിനോട് കൂറുപുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടത് നിർബന്ധമാണെന്ന് സുപ്പീരിയർ കോടതി വിധിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്തപ്പോൾ അംഗങ്ങൾ ഏകകണ്ഠമായി ഈ ചടങ്ങ് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ കോടതി വിധി പ്രവിശ്യയെ വലിയൊരു ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

വിധിക്ക് എതിരെ അപ്പീൽ നൽകുമെന്നും നിയമപരവും രാഷ്ട്രീയവുമായ എല്ലാ വഴികളും പരിശോധിക്കുകയാണെന്നും ക്യുബെക്ക് പ്രീമിയർ പോൾ സെന്റ്-പിയറി പ്ലാമണ്ടൻ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ രാജാവിനോട് കൂറുപുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്യാൻ തനിക്ക് കഴിയില്ലെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം ജനപ്രതിനിധികൾ ഇതിനെ അപമാനമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഡിസംബർ ഒന്നിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സർക്കാരിന് മുന്നിൽ സമയം വളരെ കുറവാണ്.
സത്യപ്രതിജ്ഞ നിർബന്ധമല്ലെന്ന രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ക്യുബെക്ക് നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ലോറൻസ് ഡേവിഡാണ് കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ ചെയ്യാതെ അംഗങ്ങൾക്ക് സഭയിൽ ഇരിക്കാനോ ബില്ലുകളിൽ വോട്ട് ചെയ്യാനോ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പീൽ നടപടികൾ നടക്കുമ്പോൾ പോലും വിധിക്ക് അടിയന്തര പ്രാബല്യമുണ്ടെന്ന് ജസ്റ്റിസ് ഇയാൻ ഡെമേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. അപ്പീൽ തള്ളിയാൽ അംഗങ്ങൾ പാസാക്കുന്ന നിയമങ്ങൾ പോലും അസാധുവാകാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധ കരിൻ മില്ലെയർ മുന്നറിയിപ്പ് നൽകുന്നു.
Also Read: ‘O Canada’ പാടിയപ്പോൾ വരികൾ തെറ്റി; ക്ഷമാപണവുമായി ഗായിക സാറാ സ്ട്രിമൽ ബെന്റ്ലി
ഭരണഘടനാ ഭേദഗതിയിലൂടെയും മറ്റ് പ്രവിശ്യകളുടെ ഏകകണ്ഠമായ പിന്തുണയോടെയും മാത്രമേ രാജഭരണ ചിഹ്നങ്ങൾ ഒഴിവാക്കാൻ സാധിക്കൂ എന്ന് അഭിഭാഷകൻ ഫ്രെഡറിക് ബെറാർഡ് അഭിപ്രായപ്പെട്ടു. ക്യുബെക്കിനെ റിപ്പബ്ലിക്കായി മാറ്റുന്നതിന് തടസ്സമില്ലെന്നും എന്നാൽ ഭരണഘടനാ നടപടിക്രമങ്ങൾ പാലിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




