ഒട്ടാവ-ഗാറ്റിനോ മേഖലയിൽ കാട്ടുതീയിൽ നിന്നുള്ള പുകപടലങ്ങൾ കാരണം വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. വെള്ളിയാഴ്ചയെ അപേക്ഷിച്ച് സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും, വായു ഗുണനിലവാര മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. ഇന്ന് (ശനിയാഴ്ച) രാവിലെ ഡൗൺടൗൺ ഒട്ടാവയിലെ എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്സ് (AQHI) 6 (മിതമായ അപകടസാധ്യത) ആയി രേഖപ്പെടുത്തി. വെള്ളിയാഴ്ച ഇത് 10+ (വളരെ ഉയർന്ന അപകടസാധ്യത) ആയിരുന്നു. എൻവയോൺമെന്റ് കാനഡ പുറപ്പെടുവിച്ച ഈ മുന്നറിയിപ്പ് കിഴക്കൻ ഒന്റാറിയോയുടെയും പടിഞ്ഞാറൻ ക്യുബെക്കിന്റെയും ഭാഗങ്ങളിൽ ബാധകമാണ്.
അതേസമയം കിംഗ്സ്റ്റൺ പോലുള്ള ചില പ്രദേശങ്ങളിൽ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ, കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരുൾപ്പെടെ എല്ലാവരും തുറന്ന സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കണ്ണ്, തൊണ്ട വേദന, ചുമ, തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ പുക ശ്വസിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. നിലവിൽ ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, മാനിറ്റോബ, സാസ്കച്ചെവൻ എന്നിവിടങ്ങളിലായി പടിഞ്ഞാറൻ കാനഡയിൽ ഉടനീളം കാട്ടുതീ പടരുകയാണ്. ഇത് കാനഡയിലെ വിവിധ പ്രവിശ്യകളിൽ അപകടകരമായ വായുവിന്റെ അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.



