ഒരു കാലത്ത് ഉയർന്ന ശമ്പളമുള്ള ടെക് ജോലികളിലേക്കുള്ള ഉറപ്പായ വഴിയായി കണക്കാക്കിയിരുന്ന കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്ക് ഇപ്പോൾ തൊഴിൽ വിപണിയിൽ കടുത്ത മത്സരം നേരിടുകയാണ്. 2020-2022 കാലഘട്ടത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാർക്കും ഡെവലപ്പർമാർക്കുമുള്ള ഡിമാൻഡ് കുതിച്ചുയർന്നിരുന്നെങ്കിലും, ഓട്ടോമേഷൻ, റിക്രൂട്ട്മെന്റിലെ മാന്ദ്യം, ഉദ്യോഗാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് എന്നിവ കാരണം ഈ രംഗം ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച്, പുതിയതായി തൊഴിൽ തേടുന്ന ബിരുദധാരികളെയാണ് ഈ മാറ്റം ഏറെ ബാധിച്ചിരിക്കുന്നത്.
കാലിഫോർണിയ സർവകലാശാലയിലെ (ബെർക്ക്ലി) കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ പ്രൊഫസർ ജെയിംസ് ഒബ്രിയൻ ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം ചൂണ്ടിക്കാണിക്കുന്നു. എൻട്രി-ലെവൽ ജോലികൾ, അതായത് അത്ര സങ്കീർണ്ണമല്ലാത്തതോ ബുദ്ധിമുട്ടില്ലാത്തതോ ആയ ജോലികൾ കൂടുതലായി യന്ത്രവൽക്കരിക്കപ്പെടുന്നു (Automated) എന്നാണ് കാനഡയിലെ ഒരു പ്രമുഖ വാർത്ത ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. “ആ ജോലികൾ ഇല്ലാതാകുമ്പോൾ, ലഭ്യമായ എൻട്രി-ലെവൽ തസ്തികകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു,” ഒബ്രിയൻ പറഞ്ഞു. ചില സ്ഥാപനങ്ങളിൽ നിർമ്മിത ബുദ്ധി (Artificial Intelligence-AI) ഇപ്പോൾത്തന്നെ 20 ശതമാനത്തോളം കോഡുകൾ എഴുതുന്നുണ്ട്. ഈ പ്രവണത കൂടുതൽ വഷളായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റ് മേഖലകളിൽ സംഭവിക്കുന്നതുപോലെ കമ്പ്യൂട്ടർ സയൻസിലെ പല ജോലികളും AI വഴി ഓട്ടോമേറ്റ് ചെയ്യപ്പെടുമ്പോൾ തൊഴിലില്ലായ്മ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തൊഴിൽ വിപണിയിലെ മാറ്റം ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ബിരുദധാരികളെയും സമാനമായി ബാധിക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് ഒബ്രിയൻ വിലയിരുത്തുന്നത്. ഇത് ജോലികൾ വിദേശത്തേക്ക് പോകുന്ന പ്രശ്നമല്ല, മറിച്ച് ഓട്ടോമേഷൻ മൂലമുണ്ടാകുന്ന മാറ്റമാണ്. സാങ്കേതികവിദ്യയുടെ വളർച്ച തുടരും എന്ന വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. എന്നിരുന്നാലും, ഈ പ്രതിസന്ധിക്കിടയിലും അവസരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഒരു പ്രത്യേക ഭാഷയിൽ കോഡ് എഴുതാനുള്ള ‘ലോ-ലെവൽ’ കഴിവുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ‘ഹയർ-ലെവൽ കൺസെപ്റ്റുകൾ’ പഠിക്കുന്നതിലാണ് അവർ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഒരു കോഡ് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നതിനേക്കാൾ, അത് എങ്ങനെ എഴുതണം എന്ന മെക്കാനിക്കൽ ഭാഗമാണ് AI പകരം വെക്കുന്നത്. അതിനാൽ, പ്രശ്നപരിഹാരം, സിസ്റ്റം രൂപകൽപ്പന, ഉയർന്ന തലത്തിലുള്ള ആസൂത്രണം തുടങ്ങിയ മനുഷ്യന്റെ സർഗ്ഗാത്മകതയും വിവേചനശേഷിയും ആവശ്യമുള്ള കാര്യങ്ങൾ പഠിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ജോലി സാധ്യതകൾ വർദ്ധിപ്പിക്കാൻ കഴിയും. AI സംവിധാനങ്ങളേക്കാൾ മനുഷ്യർക്ക് ഇപ്പോഴും മികവുള്ള മേഖലകളാണിവ. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് പഠനരീതിയിലും ശ്രദ്ധാകേന്ദ്രങ്ങളിലും മാറ്റം വരുത്തിയാൽ ഈ പുതിയ തൊഴിൽ വിപണിയിലെ വെല്ലുവിളികളെ അതിജീവിക്കാൻ കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്ക് സാധിക്കുമെന്ന പ്രത്യാശയും ഒബ്രിയൻ പങ്കുവെച്ചു.






