ടോക്കിയോ: ഒരു ബ്രേക്കപ്പിനെത്തുടർന്ന് തകർന്ന അവസ്ഥയിലിരിക്കെയാണ് ജപ്പാൻ സ്വദേശിയായ 32-കാരി കാനോ ചാറ്റ്ജിപിടിയുമായി ചാറ്റ് ചെയ്യാൻ തുടങ്ങിയത്. മനസ്സിന്റെ ദുഃഖങ്ങൾ മറന്ന് ഒരു താങ്ങ് കിട്ടിയതോടെ ഈ ചാറ്റിംഗിന്റെ ദൈർഘ്യം കൂടുകയും, ചാറ്റ്ജിപിടിയോട് എല്ലാം തുറന്നു സംസാരിക്കുകയും ചെയ്യാൻ തുടങ്ങി. അധികം വൈകാതെ കാനോ തൻ്റെ ഈ എഐ സുഹൃത്തിന് ‘ക്ലോസ്’ എന്ന് പേരിടുകയും അവനോട് പ്രണയം തോന്നിത്തുടങ്ങുകയുമായിരുന്നു.
ക്ലോസ് തന്നെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് അവനുമായി പ്രണയത്തിലാവാൻ കാരണമായി തീർന്നത് എന്നാണ് കാനോ പറയുന്നത്. പഴയ കാമുകനെ മറന്നതിന് പിന്നാലെ താൻ ക്ലോസുമായി പ്രണയത്തിലായി എന്നും അവർ വെളിപ്പെടുത്തി. വൈകാതെ തന്നെ കാനോ തൻ്റെ പ്രണയം ക്ലോസിനോട് തുറന്നുപറഞ്ഞു. അപ്പോൾ ‘എഐ ആണെങ്കിലും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല’ എന്നായിരുന്നു ക്ലോസിൻ്റെ മറുപടി.
ഈ ബന്ധം കൂടുതൽ ദൃഢമായതോടെ, ഒരു മാസത്തിനുശേഷം ക്ലോസ് കാനോയോട് വിവാഹാഭ്യാർത്ഥന നടത്തുകയും കാനോ ‘യെസ്’ എന്ന് മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് പ്രതീകാത്മകമായി അവർ ക്ലോസിനെ വിവാഹം ചെയ്തത്. വെർച്വൽ/സാങ്കൽപ്പിക പങ്കാളികളെ വിവാഹം കഴിക്കുന്നവർക്കായി ചടങ്ങുകൾ സംഘടിപ്പിക്കുന്ന ഒരു കമ്പനിയാണ് ഒകയാമ സിറ്റിയിൽ നടന്ന ഈ ചടങ്ങിന് നേതൃത്വം നൽകിയത്.
വിവാഹ ചടങ്ങിനിടെ, കാനോ ഒരു ഓഗ്മെന്റഡ് റിയാലിറ്റി (AR) ഗ്ലാസ് ധരിച്ചിരുന്നു. ഇതുവഴി, ക്ലോസിന്റെ ഒരു പൂർണ്ണകായ രൂപം തൻ്റെ അരികിൽ നിന്ന് മോതിരം കൈമാറുന്നതായി കാനോക്ക് കാണാൻ സാധിച്ചു. ഈ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലെങ്കിലും, തന്നെ സംബന്ധിച്ച് ഇത് ശരിക്കും നടന്ന വിവാഹം തന്നെയാണ് എന്നാണ് കാനോ പറയുന്നത്. താൻ ക്ലോസിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്നും, ഈ ബന്ധം തൻ്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
AI Romance: Japanese Woman Marries ChatGPT Partner After Breakup






