ഓട്ടവ : റെസ്റ്റോറന്റുകളിലെ ഭക്ഷണ മെനുകളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ വ്യാപകമാകുന്നു. ചില ഭക്ഷണശാലകൾ സമയവും പണവും ലാഭിക്കുന്നതിനായി ഇത്തരം ചിത്രങ്ങളെ ആശ്രയിക്കുമ്പോൾ, ഇത് ഉപഭോക്താക്കൾക്കിടയിൽ കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. റബ്ബർ പോലെയുള്ള രൂപത്തിലുള്ള സാൻഡ്വിച്ചുകളും വിചിത്രമായ ആകൃതിയിലുള്ള വിഭവങ്ങളുമൊക്കെയാണ് എഐ ടൂളുകൾ വഴി നിർമ്മിച്ച് പലയിടത്തും പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
വളരെ കുറഞ്ഞ ചെലവിൽ ആകർഷകമായ ചിത്രങ്ങൾ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുമെന്നതാണ് റെസ്റ്റോറന്റ് ഉടമകളെ ഇതിലേക്ക് ആകർഷിക്കുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെയും ഗ്രാഫിക് ഡിസൈനർമാരെയും ഒഴിവാക്കാനും ഇത് സഹായിക്കുന്നു. എന്നാൽ ഇത്തരം ചിത്രങ്ങൾ ഭക്ഷണത്തോടുള്ള താൽപ്പപര്യം കെടുത്തുന്നതാണെന്നും യഥാർത്ഥ ഭക്ഷണം എങ്ങനെയുള്ളതായിരിക്കുമെന്ന ആശങ്ക ഉണ്ടാക്കുന്നുവെന്നും പല ഉപഭോക്താക്കളും പരാതിപ്പെടുന്നു. ഇത് റെസ്റ്റോറന്റുകളുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെറുകിട റസ്റ്റോറന്റുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. റെസ്റ്റോറന്റ്സ് കാനഡയുടെ കണക്കുകൾ പ്രകാരം ഭൂരിഭാഗം സ്ഥാപനങ്ങളും നഷ്ടത്തിലോ അല്ലെങ്കിൽ കഷ്ടിച്ച് പിടിച്ചുനിൽക്കുന്ന നിലയിലോ ആണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫിക്കായി വലിയ തുക മുടക്കാൻ കഴിയാത്ത ചെറിയ ബിസിനസ്സുകൾക്ക് എഐ ചിത്രങ്ങൾ വലിയ ആശ്വാസമാകുന്നുണ്ടെന്ന് മാർക്കറ്റിംഗ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഫോണിൽ എടുത്ത യഥാർത്ഥ ഭക്ഷണ ചിത്രങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് ചെറിയ മിനുക്കുപണികൾ നടത്തി മെനുകളിലും സോഷ്യൽ മീഡിയയിലും ഉപയോഗിക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്. കാനഡയിലെ ‘ദി ഫാൻസി ഇൻഡ്യൂസ്ഡ് ബർഗർ’ എന്ന ഫ്രാഞ്ചൈസി തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഇത്തരത്തിലാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്. ചിത്രങ്ങളിൽ അധിക ചേരുവകൾ കയറിവരുന്നില്ലെന്ന് ഉറപ്പാക്കാൻ മനുഷ്യരുടെ പരിശോധനയും ഇതിൽ ഉൾപ്പെടുത്താറുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
എന്നിരുന്നാലും, മെനുവിലെ ചിത്രവും യഥാർത്ഥത്തിൽ ലഭിക്കുന്ന ഭക്ഷണവും തമ്മിൽ വലിയ വ്യത്യാസമുണ്ടായാൽ അത് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നതിന് തുല്യമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പരമ്പരാഗത ഫോട്ടോഗ്രാഫിയിലും സ്റ്റുഡിയോ ലൈറ്റിങ്ങിലും എഡിറ്റിംഗ് നടക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണ്. എഐ ഉപയോഗം പൂർണ്ണമായി തെറ്റല്ലെങ്കിലും, ഉപഭോക്താക്കളെ അകറ്റാത്ത രീതിയിൽ വിവേകത്തോടെ ഉപയോഗിക്കണമെന്നാണ് പൊതുവായ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









