സ്തനാർബുദ ചികിത്സയുടെ അവസാന കീമോതെറാപ്പി പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടി ഉമ ശങ്കരി. അവസാന ഇൻഫ്യൂഷനായി ആശുപത്രിയിലെത്തിയപ്പോഴുള്ള ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്.
‘കീമോതെറാപ്പി കഠിനമായിരുന്നു. എന്നാൽ ഞാൻ അതിനേക്കാൾ ശക്തയായിരുന്നു. അവസാന ഇൻഫ്യൂഷൻ. പുതിയൊരു അധ്യായത്തിലേക്കുള്ള ചുവടുവയ്പ്പ്’ എന്നായിരുന്നു ഉമയുടെ വാക്കുകൾ. താരത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.
READ MORE: “നമ്മുടെ സംസ്കാരത്തെ ഒരിക്കലും തരംതാഴ്ത്തി പറഞ്ഞിട്ടില്ല”; വിവാദങ്ങൾക്ക് മറുപടിയുമായി കീർത്തി സുരേഷ്
സ്തനാർബുദം സ്ഥിരീകരിച്ച വിവരം ഈ വർഷം ജൂൺ 23-നാണ് ഉമ ശങ്കരി വെളിപ്പെടുത്തിയത്. കീമോതെറാപ്പിക്കും ഇമ്മ്യൂണോതെറാപ്പിക്കും വിധേയയാകുകയാണെന്നും ഓരോ ദിവസവും പ്രതീക്ഷയോടെ മുന്നോട്ടുപോകാൻ ശ്രമിക്കുകയാണെന്നും അന്ന് താരം അറിയിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടപ്പോൾ വലിയ മാനസികാഘാതമുണ്ടായെന്ന് ഉമ പറഞ്ഞിരുന്നു. ‘എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്?’ എന്ന ചോദ്യങ്ങളാണ് ആദ്യം മനസ്സിൽ ഉയർന്നതെന്നും ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ കുടുംബത്തിന്റെ പിന്തുണയും പ്രാർഥനകളും ആ ഘട്ടത്തെ അതിജീവിക്കാൻ സഹായിച്ചെന്നും രോഗത്തോട് പോരാടാൻ തീരുമാനിക്കുകയായിരുന്നെന്നും ഉമ പറഞ്ഞിരുന്നു. ചികിത്സയ്ക്കിടയിലെ ബുദ്ധിമുട്ടുകളും പങ്കുവച്ച താരം ഭർത്താവിനും മകനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി അറിയിച്ചിരുന്നു.
ദിലീപ് നായകനായ ‘കുബേരൻ’ എന്ന ചിത്രത്തിലൂടെയാണ് ഉമ ശങ്കരി മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. 2002-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കുടക് സ്വദേശിനിയായ പെൺകുട്ടിയുടെ വേഷത്തിലാണ് താരം എത്തിയത്. സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവൻ മണി, സംയുക്ത വർമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. പിന്നീട് ‘വസന്തമാളിക’, ‘സാഫല്യം’, ‘ഈ സ്നേഹതീരത്ത്’ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 2004-ൽ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ ആണ് ഉമയുടെ അവസാന മലയാള ചിത്രം.
2000-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ ‘വീരനാടൈ’, ‘വാനവിൽ’ എന്നിവയിലൂടെയാണ് ഉമ അഭിനയരംഗത്തെത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സംവിധായകൻ ഡി. രാജേന്ദ്ര ബാബുവിന്റെയും നടി സുമിത്രയുടെയും മകളാണ് ഉമ. സഹോദരി നക്ഷത്രയും അഭിനേത്രിയാണ്.
2006 ജൂൺ 15-ന് സോഫ്റ്റ്‌വെയർ എൻജിനീയറായ എച്ച്. ദുഷ്യന്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽനിന്ന് ഇടവേളയെടുത്തു. പിന്നീട് 2012-ൽ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. അജിത് നായകനായ 2022-ൽ പുറത്തിറങ്ങിയ ‘വലിമൈ’യാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.
ഉമയുടെ ആരോഗ്യനില മെച്ചപ്പെടട്ടെയെന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തട്ടെയെന്നും ആശംസിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





