ടൊറന്റോ: കനേഡിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണെന്ന് തെറ്റിധരിപ്പിച്ച് വ്യാജ പാസ്‌പോർട്ട് സൈറ്റുകൾ നടത്തിവന്ന രണ്ടുപേരെ യോർക്ക് റീജ്യണിൽ പോലീസ് അറസ്റ്റ് ചെയ്തു. ‘പാസ്‌പോർട്ട് ഓൺലൈൻ’, ‘പാസ്‌പോർട്ട് എക്സ്പ്രസ്’ എന്നീ പേരുകളിൽ വ്യാജ വെബ്‌സൈറ്റുകൾ നടത്തി ജനങ്ങളെ കബളിപ്പിച്ച യോർക്ക് റീജ്യൺ സ്വദേശികളായ ജോൺ ജെസ്സെ ബ്രെസ്ലിൻ, ഫോബ് ഹുയി ടിംഗ് വോംഗ് എന്നിവരാണ് പിടിയിലായത്.

2016 നും 2020 നും ഇടയിൽ കനേഡിയൻ പാസ്‌പോർട്ട് വേഗത്തിൽ പുതുക്കാനോ നേടാനോ സഹായിക്കുമെന്ന് തെറ്റായ പരസ്യങ്ങൾ നൽകി ഇവർ ഉപയോക്താക്കളെ വഞ്ചിച്ചെന്നാണ് കേസ്. സർക്കാരിന്റെ നേരിട്ടുള്ള സേവനമാണിതെന്നാണ് ഇവർ ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. കമ്പനിയുടെ ഉടമയായ ജോൺ ജെസ്സെ ബ്രെസ്ലിൻ, മാനേജറായ ഫോബ് ഹുയി ടിംഗ് വോംഗ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് തട്ടിപ്പ് നടത്തിയതിന് കോംപറ്റീഷൻ ആക്ട് പ്രകാരവും, 5,000 ഡോളറിലധികം തുകയുടെ കബളിപ്പിക്കൽ, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്തുക്കൾ കൈവശം വെക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
കനേഡിയൻ കോംപറ്റീഷൻ ബ്യൂറോയും ടോറന്റോ പോലീസും കനേഡിയൻ ആന്റി ഫ്രോഡ് സെന്ററും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജൂലൈ 22-ന് പ്രതികൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയത്.
Fake Canadian passport website operators from York Region facing charges
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





