മാസിന് മാസ്, ആക്ഷന് ആക്ഷൻ, ഇമോഷന് ഇമോഷൻ, കോമഡിക്ക് കോമഡി അങ്ങനെ ഒട്ടുമിക്ക ജോണറിലുമുള്ള സിനിമകളുമായി മെയ് മാസം തിയേറ്ററുകളിൽ വസന്തം വിരിയിക്കാൻ എത്തുകയാണ്. ബിഗ് എംസ് ഒന്നിക്കുന്ന പേട്രിയറ്റ് മുതൽ വമ്പൻ ആക്ഷൻ സീക്വൻസുകളുമായി എത്തുന്ന കാട്ടാളനും പോലീസ് സ്റ്റോറിയുമായെത്തുന്ന ദൃഢവും അടക്കം ഒട്ടേറെ സിനിമകളുമായി ഈ മാസം സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
17 വർഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ മെയ് 1-ന് റിലീസിനെത്തുന്നു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ഇതിനൊപ്പം, ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രവും മെയ് മാസത്തിൽ തന്നെ തീയേറ്ററുകളിലെത്തും. ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ എന്നിവർക്കൊപ്പം രവി ബസ്രൂറിന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.
ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ മെയ് 8-നാണ് റിലീസ് ചെയ്യുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന റിയലിസ്റ്റിക് കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. തുടർന്ന് മെയ് 14-ന് ടൊവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ ‘അതിരടി’യും, സൂര്യ നായകനാകുന്ന തമിഴ് ചിത്രം ‘കറുപ്പും’ തിയേറ്ററുകളിലെത്തും. ‘കറുപ്പിൽ’ തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, സ്വാസിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഏറെ ആകാംക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘ദൃശ്യം 3’ മെയ് 21-ന് തിയേറ്ററുകളിലെത്തും. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. മീന, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ജോർജുകുട്ടിയുടെ കുടുംബത്തിന്റെ വൈകാരികമായ ജീവിതമാണ് മൂന്നാം ഭാഗത്തിലും പറയുന്നത്.
അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനാകുന്ന ‘വരവ്’ എന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രവും മെയ് 21-ന് റിലീസ് ചെയ്യും. അർജുൻ അശോകൻ, മുരളി ഗോപി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കോമഡി, റൊമാൻസ്, ആക്ഷൻ തുടങ്ങിയ എല്ലാ ജോണറിലുമുള്ള സിനിമകൾ എത്തുന്നതോടെ ഈ മെയ് മാസം തിയേറ്ററുകൾക്ക് വലിയ ഉണർവ്വേകും.
Action and emotion together; Big films are coming to rock the theaters, here are the mass releases for May!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



