തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം പാങ്ങപ്പാറ സ്വദേശിയായ പതിനേഴുകാരൻ അഭിറാമിന്റെ മൃതദേഹം വഴിയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൂട്ടുകാരൻ വിളിക്കുന്നുവെന്ന് പറഞ്ഞാണ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പിതാവ് പറഞ്ഞു. രാത്രിയായപ്പോൾ കുടുംബം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയും രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പെൺകുട്ടിയുടെ ശബ്ദത്തിൽ ഇൻസ്റ്റഗ്രാം വഴി വന്ന സന്ദേശത്തെ തുടർന്നാണ് അഭിറാം പാങ്ങപ്പാറയിലേക്ക് പോയതെന്നാണ് പ്രാഥമിക വിവരം. വ്യാജ അക്കൗണ്ട് വഴിയാണോ സന്ദേശം വന്നതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഈ സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കാൻ സൈബർ സെല്ലിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയിൽ കേസ് എടുത്ത ശ്രീകാര്യം പൊലീസ് അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇവരിൽ നിന്ന് കേസിന് തുമ്പുണ്ടാക്കുന്ന നിർണായക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: കാനഡ ഇമിഗ്രേഷനിൽ മാറ്റങ്ങൾ: നവംബറിലെ 7 പുതിയ നിയമങ്ങളും അപ്ഡേറ്റുകളും അറിയാം
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കരിമഠം സ്വദേശികളായ ചിലരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




