ദില്ലി: ആധാർ കാർഡുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഉടൻ തന്നെ കാർഡുകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ടൈംസ് ഓഫ് ഇന്ത്യയുടെയും പിടിഐയുടെയും റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ ആധാർ കാർഡുകളിൽ ഉടമയുടെ പേര്, വിലാസം, 12 അക്ക ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അച്ചടിക്കുന്നത് ഒഴിവാക്കും. പകരം, ഫോട്ടോയും ക്യുആർ കോഡും മാത്രം പ്രദർശിപ്പിക്കുന്ന രൂപത്തിലായിരിക്കും പുതിയ കാർഡുകൾ പുറത്തിറക്കുക. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഓഫ്‌ലൈൻ പരിശോധനകളെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് യുഐഡിഎഐ ഈ പരിഷ്‌കാരത്തിന് ഒരുങ്ങുന്നത്.
ഹോട്ടലുകൾ, ഇവൻ്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങൾ ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്നത് വഞ്ചനയ്ക്കും ദുരുപയോഗത്തിനും സാധ്യത നൽകുന്നുണ്ട്. ഈ പ്രവണത ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം. യുഐഡിഎഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഭുവനേഷ് കുമാർ ഒരു കോൺഫറൻസിൽ സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്.
കാർഡിൽ കൂടുതൽ വിവരങ്ങൾ പ്രിൻ്റ് ചെയ്താൽ അത് ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്നും, അതിനാൽ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്നും ഭുവനേഷ് കുമാർ വ്യക്തമാക്കി. ഈ പരിഷ്‌കരിച്ച നിയമം 2025 ഡിസംബർ ഒന്നിന് നിലവിൽ വന്നേക്കും എന്നാണ് റിപ്പോർട്ട്. അതോടെ ആധാർ ഉടമയുടെ എല്ലാ വ്യക്തിഗത വിവരങ്ങളും യുഐഡിഎഐ രഹസ്യമായി സൂക്ഷിക്കും. ആധാർ നിയമപ്രകാരം, ഒരു വ്യക്തിയുടെ ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓഫ്‌ലൈൻ പരിശോധനയ്ക്കായി ശേഖരിക്കാനോ സൂക്ഷിക്കാനോ പാടില്ല.
പുതിയ നിയമത്തെ പിന്തുണയ്ക്കുന്നതിനായി, യുഐഡിഎഐ നിലവിലുള്ള എംആധാർ (mAadhaar) ആപ്ലിക്കേഷന് പകരം ഒരു പുതിയ ആധാർ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത ഈ ആപ്പ്, ഫേസ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പരിശോധന സാധ്യമാക്കും.
ഇത് ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് വിവരങ്ങൾ പങ്കിടാൻ അവസരം നൽകുന്നു. വിമാനത്താവളങ്ങളിലെ ഡിജിയാത്ര സിസ്റ്റത്തിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, ഇവൻ്റ് എൻട്രികൾ, ഹോട്ടൽ ചെക്ക്-ഇന്നുകൾ, പ്രായ പരിശോധന, റെസിഡൻഷ്യൽ കോംപ്ലക്‌സുകളിലേക്കുള്ള പ്രവേശനം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Aadhaar card in new look: No more 12-digit number and address!; New rules you need to know!






