കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന സൂര്യയുടെ തിരിച്ചുവരവിന് പ്രതീക്ഷിച്ചതിലും മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘റെട്രോ’ ആദ്യ പ്രദർശന ദിവസം മുതൽ തന്നെ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറുകയാണ്. സമൂഹമാധ്യമങ്ങളിലെങ്ങും “Suriya is back” എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നു. ഒരു ബോക്സ് ഓഫീസ് ഹിറ്റിനായി കാത്തിരുന്ന സൂര്യയ്ക്ക് കാർത്തിക് സുബ്ബരാജ് പരിപൂർണ്ണമായ തിരിച്ചുവരവ് സമ്മാനിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും അവസാനമായിരിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച മാസ് എന്റർടെയ്നർ ആണെന്നും സൂര്യയുടെ അഭിനയം പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യകരമാണെന്നും നിരവധി അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 1980-കളിൽ നടക്കുന്ന കഥയാണ് ‘റെട്രോ’യുടേതെന്ന് അറിയപ്പെടുന്നു. സൂര്യക്കൊപ്പം നായികയായി എത്തിയ പൂജ ഹെഗ്ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയിൽ മലയാള അഭിനേതാക്കളായ ജയറാം, ജോജു ജോർജ് എന്നിവർ കൂടാതെ നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, കരുണാകരൻ, പ്രേം കുമാർ, രാമചന്ദ്രൻ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേൽ, രമ്യ സുരേഷ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും അവരുടേതായ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്.
സന്തോഷ് നാരായണന്റെ സംഗീതവും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഒരുപോലെ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ‘കനിമ’ എന്ന ഗാനവുമായി എത്തുന്ന 15 മിനിറ്റ് നീളമുള്ള സിംഗിൾ ഷോട്ട് രംഗം വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ പലരും പങ്കുവച്ചിരിക്കുന്നു. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘റെട്രോ’യുടെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നു. ഏകദേശം 80 കോടി രൂപയ്ക്കാണ് ഒടിടി അവകാശങ്ങൾക്ക വാങ്ങിയതെന്ന് അറിയുന്നു. ഇത് സൂര്യയുടെ ചിത്രങ്ങളിൽ റെക്കോർഡ് തുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചകൾക്ക് ശേഷമേ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം എത്തുകയുള്ളൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






