ഒട്ടാവ: കാനഡയിൽ വിൽപ്പന നടത്തിയിരുന്ന പ്രശസ്ത ബ്രാൻഡിന്റെ ചിക്കൻ ബർഗറുകൾ അലർജി ഭീഷണിയെ തുടർന്ന് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. സി ടി വി ന്യൂസ് റിപ്പോർട്ട് ചെയ്തതു പ്രകാരം, ‘ലീഡ്ബെറ്റർ ഫുഡ്സ്’ (Leadbetter Foods Inc.) നിർമ്മിച്ച ‘കോംപ്ലിമെന്റ്സ് സ്മാഷ്ഡ് 100% ചിക്കൻ ബർഗേഴ്സ്’ (Compliments’ Smashed 100% Chicken Burgers) എന്ന ഉൽപ്പന്നമാണ് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) തിരിച്ചുവിളിച്ചത്. ഉൽപ്പന്നത്തിൽ മുട്ട അടങ്ങിയിട്ടുണ്ടെന്ന കാര്യം പാക്കറ്റിന് പുറത്ത് എഴുതാതിരുന്നതാണ് അധികൃതരുടെ ഈ അടിയന്തര നടപടിക്ക് കാരണം.
ഒരു പാക്കറ്റിൽ 85 ഗ്രാമിന്റെ 8 ചിക്കൻ പീസുകൾ (മൊത്തം 680 ഗ്രാം) ഉള്ള ബർഗറുകളാണ് വിപണിയിൽ എത്തിയിരുന്നത്. പാക്കറ്റിന് പുറത്തുള്ള ബാർകോഡ് നമ്പർ ‘0 55742 58333 5’ ആണോ എന്ന് നോക്കി ഈ ഉൽപ്പന്നം തിരിച്ചറിയാം. ഇത് കൈവശമുള്ളവർ കഴിക്കരുതെന്നും, കച്ചവടക്കാർ വിൽക്കരുതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ അധികൃതർ വ്യക്തമാക്കി.
നിലവിൽ ഈ ബർഗർ കഴിച്ചത് മൂലം ആർക്കെങ്കിലും അലർജി പ്രയാസങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇതിനെ ‘ക്ലാസ് II’ വിഭാഗത്തിലാണ് ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, ഇത് കഴിക്കുന്നത് വലിയ ജീവഹാനി ഉണ്ടാക്കില്ലെങ്കിലും ചുരുങ്ങിയ കാലത്തേക്ക് മിതമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഉൽപ്പന്നവുമായി ബന്ധപ്പെട്ട് സംശയങ്ങളുള്ള ഉപഭോക്താക്കൾക്ക് 1-613-773-2342 എന്ന ഫോൺ നമ്പറിലോ information@inspection.gc.ca എന്ന ഇമെയിൽ വഴിയോ CFIA യെ ബന്ധപ്പെടാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Attention burger lovers! A famous brand is recalling its chicken burgers from the market; here is the reason.





