ഭൂമിയിൽ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും ഭയപ്പെടുത്തുന്ന വേട്ടക്കാരായിരുന്നു ‘ടൈറനോസോറസ് റെക്സ്’ അഥവാ ടി-റെക്സ് (T. rex) വർഗ്ഗത്തിൽപ്പെട്ട ദിനോസറുകൾ. ഭീമാകാരമായ ശരീരവും മൂർച്ചയേറിയ പല്ലുകളുമുള്ള ഈ മാംസഭുക്കുകളുടെ ശരീരഘടനയിൽ ശാസ്ത്രലോകത്തെ എക്കാലത്തും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു അവയുടെ കുഞ്ഞൻ കൈകൾ. ശക്തമായ ശരീരമുണ്ടായിട്ടും എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്രയും ചെറിയ കൈകൾ ലഭിച്ചതെന്ന ചോദ്യത്തിന് ഒടുവിൽ കൃത്യമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ലണ്ടൻ സർവകലാശാല കോളേജിലെയും (UCL) കേംബ്രിഡ്ജ് സർവകലാശാലയിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
തങ്ങളുടെ ഇരകളെ വേട്ടയാടുന്നതിനായി കൈകൾക്ക് പകരം ശക്തമായ തലയോട്ടിയും താടിയെല്ലുകളും ഉപയോഗിക്കാൻ തുടങ്ങിയതാണ് ഈ ദിനോസറുകളുടെ കൈകൾ ചെറുതാകാൻ കാരണണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പരിണാമ പ്രക്രിയയിൽ ശരീരത്തിന്റെ വലിപ്പം കൂടിയതുകൊണ്ടല്ല, മറിച്ച് തലയുടെ വലിപ്പവും കരുത്തും വർദ്ധിച്ചതുകൊണ്ടാണ് കൈകളുടെ വലിപ്പം കുറഞ്ഞതെന്ന് ഗവേഷകർ കണ്ടെത്തി. ശാസ്ത്ര മാസികയായ ‘പ്രൊസീഡിങ്സ് ഓഫ് ദി റോയൽ സൊസൈറ്റി ബി’യിലാണ് ഈ പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇരപിടിക്കുന്ന രീതിയിൽ വന്ന മാറ്റമാണ് ഈ പരിണാമത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ യു.സി.എൽ എർത്ത് സയൻസസിലെ ഗവേഷകൻ ചാർലി റോജർ ഷെറർ വ്യക്തമാക്കുന്നു. വേട്ടയാടാനുള്ള പ്രധാന ആയുധമായി കൈകൾക്ക് പകരം തല ഉപയോഗിക്കാൻ തുടങ്ങിയതോടെ കൈകളുടെ ഉപയോഗം കുറഞ്ഞു. ‘ഉപയോഗിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക’ എന്ന പ്രകൃതിയുടെ നിയമപ്രകാരം, ഉപയോഗമില്ലാതായതോടെ കാലക്രമേണ ഇവയുടെ കൈകളുടെ വലിപ്പം ചുരുങ്ങുകയാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു.
നീളമേറിയ കഴുത്തും വാലുമുള്ള സൌരോപോഡ് (Sauropods) പോലെയുള്ള ഭീമാകാരന്മാരായ സസ്യഭുക്കുകളെ വേട്ടയാടേണ്ടി വന്ന സാഹചര്യത്തിലാണ് വേട്ടക്കാരായ ദിനോസറുകൾക്ക് ഈ പരിണാമം സംഭവിച്ചത്. ഏകദേശം 100 അടി വരെ നീളത്തിൽ വളരുന്ന ഇത്തരം വലിയ ഇരകളെ കീഴടക്കാൻ കൈകളെക്കാൾ കൂടുതൽ കരുത്തുറ്റ താടിയെല്ലുകളായിരുന്നു ഈ വേട്ടക്കാർക്ക് ആവശ്യം.
ഗവേഷണത്തിന്റെ ഭാഗമായി ഇരു കാലുകളിൽ സഞ്ചരിക്കുന്ന മാംസഭുക്കുകളായ ‘തെറോപോഡ്’ (Theropods) വിഭാഗത്തിൽപ്പെട്ട 82 ഇനം ദിനോസറുകളുടെ ശരീരഘടന ശാസ്ത്രജ്ഞർ വിശദമായി വിശകലനം ചെയ്തു. ഇതിൽ ടി-റെക്സ് ഉൾപ്പെടുന്ന ടൈറനോസോറിഡ്സ് (Tyrannosaurid) കുടുംബത്തിലെ അഞ്ച് വിഭാഗം ദിനോസറുകൾക്കാണ് പരിണാമത്തിലൂടെ കൈകളുടെ നീളം കുറഞ്ഞതെന്ന് കണ്ടെത്തി.
ശക്തമായ തലയോട്ടി രൂപപ്പെട്ടതിന് ശേഷമായിരിക്കാം കൈകളുടെ വലിപ്പം കുറഞ്ഞിട്ടുണ്ടാവുക എന്നാണ് ഗവേഷകരുടെ നിഗമനം. ഇരയെ ആക്രമിക്കാനുള്ള മറ്റൊരു ബദൽ മാർഗ്ഗം (ശക്തമായ താടിയെല്ലുകൾ) ഉറപ്പാക്കാതെ പരിണാമ പ്രക്രിയയിൽ ഇവ കൈകളുടെ കരുത്ത് ഉപേക്ഷിക്കാൻ സാധ്യതയില്ലെന്നും പഠനത്തിൽ പറയുന്നു.
ശരീരവലിപ്പം കൂടിയ ദിനോസറുകൾക്ക് മാത്രമല്ല ഈ മാറ്റം സംഭവിച്ചിട്ടുള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ശക്തമായ തലയും ചെറിയ കൈകളുമുള്ള ചില തെറോപോഡുകൾ വലിപ്പത്തിൽ ചെറുതായിരുന്നു.
ഉദാഹരണത്തിന്, 7 കോടി വർഷങ്ങൾക്ക് മുൻപ് മഡഗാസ്കറിൽ ജീവിച്ചിരുന്ന ‘മജുങ്കാസോറസ്’ (Majungasaurus) എന്ന ദിനോസറിന് ടി-റെക്സിന്റെ അഞ്ചിലൊന്ന് വലിപ്പം (1.6 ടൺ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ശക്തമായ തലയോട്ടി നിലനിർത്തിക്കൊണ്ടുതന്നെ ഇവയും അക്കാലത്തെ മികച്ച വേട്ടക്കാരായിരുന്നുവെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ദിനോസറുകളുടെ ജീവിതത്തെയും പരിണാമത്തെയും കുറിച്ചുള്ള കൂടുതൽ നിഗൂഢതകളിലേക്കാണ് ഈ പുതിയ പഠനം വിരൽ ചൂണ്ടുന്നത്.
A breakthrough in the scientific world's decades-long mystery; The evolutionary secret of dinosaurs is revealed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










