വാഷിംഗ്ടൺ: കനത്ത മഴയും അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും അമേരിക്കയുടെ ഇരുതീരങ്ങളിലും നാശം വിതച്ചതോടെ താങ്ക്സ്ഗിവിംഗ് ആഘോഷങ്ങളും അവധിക്കാല യാത്രകളും താറുമാറായി. വ്യാഴാഴ്ച വൈകുന്നേരത്തോടെ കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിലുൾപ്പെടെ 9 ലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 400-ലധികം വിമാനങ്ങൾ റദ്ദാക്കുകയും 2,200-ലധികം വിമാനങ്ങൾ വൈകുകയും ചെയ്തതായി ഫ്ലൈറ്റ് അവെയർ അറിയിച്ചു.
മാൻഹട്ടനിലെ ശക്തമായ കാറ്റിൽ കൂറ്റൻ ബലൂണുകൾ അപകടത്തിൽപ്പെട്ടേക്കുമെന്ന ആശങ്കയെ തുടർന്ന്, ന്യൂയോർക്കിലെ പ്രശസ്തമായ മാസിസ് താങ്ക്സ്ഗിവിംഗ് പരേഡ് ചരിത്രത്തിലാദ്യമായി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. ന്യൂജഴ്സിയിലും ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളക്കെട്ടിൽ കുടുങ്ങിയ കാറുകളിൽ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തിയതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി അറിയിച്ചു.
സുരക്ഷയേക്കാൾ വലുതല്ല ഒരു യാത്രയുമെന്ന് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നോർത്ത് കരോലിന മുതൽ ന്യൂജഴ്സി വരെയുള്ള പ്രദേശങ്ങളിൽ വേലിയേറ്റത്തെ തുടർന്ന് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായി. ന്യൂജഴ്സിയിലെ അവലോണിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നതെന്നും, ഓഷ്യൻ സിറ്റിയിൽ ഒരടിയോളം വെള്ളം ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. വിർജീനിയയിലെ 18 മൈൽ ദൈർഘ്യമുള്ള ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണലും, നോർത്ത് കരോലിനയിലെ പ്രധാന പാതയായ എൻ.സി 12 ഹൈവേയും കടൽവെള്ളം കയറിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചു.
വൈദ്യുതി തടസ്സം ജലവിതരണത്തെ ബാധിച്ചേക്കുമെന്നതിനാൽ മേരിലാൻഡിലെ മോണ്ട്ഗോമറി, പ്രിൻസ് ജോർജ് കൗണ്ടികളിലെ 20 ലക്ഷത്തോളം ഉപഭോക്താക്കളോട് വെള്ളം കരുതലോടെ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു. സിയാറ്റിലിന് തെക്കുകിഴക്കൻ മേഖലയിലുൾപ്പെടെ പലയിടങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം, നേരത്തെയുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് വീടുകൾക്ക് നാശനഷ്ടമുണ്ടായ ഫ്ലോറിഡയ്ക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ദുരന്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. വെസ്റ്റ് പാം ബീച്ചിലെ വസതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, കിഴക്കൻ തീരത്തെ നിലവിലെ കൊടുങ്കാറ്റ് ദുരിതാശ്വാസ സഹായങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ മധ്യമേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇല്ലിനോയിസ്, മിസോറി സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെ തുടർന്ന് സെന്റ് ലൂയിസിൽ 7.3 ഇഞ്ചും, മിസോറിയിലെ സെന്റ് ജെനീവീവിൽ 14 ഇഞ്ചും മഞ്ഞ് രേഖപ്പെടുത്തി. മഞ്ഞിന്റെ ഭാരം താങ്ങാനാവാതെ മിസോറിയിലെ വെന്റ്സ്‌വില്ലിലുള്ള ഐസ് അരീനയുടെ മേൽക്കൂര പുലർച്ചെ മൂന്ന് മണിയോടെ തകർന്നുവീണു. അപകടസമയത്ത് അരീനയിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
READ MORE: കിങ് ഖാന് ആഗോള അംഗീകാരം; ലോകത്തെ മികച്ച 100 താരങ്ങൾക്കൊപ്പം ഷാരൂഖും
പടിഞ്ഞാറൻ തീരമായ പസഫിക് മേഖലയിലും ശക്തമായ തിരമാലകളും കാറ്റും നാശം വിതയ്ക്കുകയാണ്. കാലിഫോർണിയ തീരത്ത് ഹംബോൾട്ട് കൗണ്ടി മുതൽ ലോസ് ഏഞ്ചൽസിന് സമീപമുള്ള വെഞ്ചുറ കൗണ്ടി വരെ റെക്കോർഡ് വേലിയേറ്റത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. കാലിഫോർണിയയിലെ പസഫിക്ക പിയറിന്റെ ഒരു ഭാഗം കൂറ്റൻ തിരമാലയിൽ തകർന്ന് കടലിലേക്ക് പതിച്ചു. പാളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാലും മണ്ണിടിച്ചിലിനെ തുടർന്നും സാൻ ഡീഗോ മുതൽ ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ആംട്രാക്കിന്റെ പസഫിക് സർഫ്ലൈനർ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





