ക്യുബെക്ക്: മോൺട്രിയലിന്റെ തെക്കുഭാഗത്തുള്ള മോണ്ടെറെഗി മേഖലയിലെ സെന്റ്-മാത്യു-ഡി-ബെലോയിൽ പ്രവർത്തിക്കുന്ന മെറ്റൽ റീസൈക്ലിംഗ് പ്ലാന്റിൽ വ്യാഴാഴ്ച (നവംബർ 26) രാവിലെ വൻ തീപിടിത്തമുണ്ടായി. ഹൈവേ 20-ന് സമീപമുള്ള നോബൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക വ്യാപിച്ചതോടെ സമീപ നഗരങ്ങളിലെ ജനങ്ങളോട് വീടിനുള്ളിൽ കഴിയാനും തീപിടിത്തമുണ്ടായ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി.
ഹൈവേ 20-ന് സമീപമുള്ള നോബൽ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം 30 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ നിലവിൽ വ്യക്തമല്ല.
കനത്ത പുക കാരണം സെന്റ്-മാത്യു-ഡി-ബെലോയിൽ, സെന്റ്-ബാസിലെ-ലെ-ഗ്രാൻഡ്, മക്മാസ്റ്റർവില്ലെ എന്നീ പ്രദേശങ്ങളിലെ ജനങ്ങളോട് പുറത്തുപോകുന്നത് ഒഴിവാക്കാനും വാതിലുകളും ജനലുകളും അടച്ചിടാനും വല്ലീ-ഡു-റിച്ചെലിയു അഗ്നിശമന സേന സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
സെന്റ്-ജൂലി, ലോങ്യുയിൽ എന്നീ നഗരങ്ങളും പുക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ലോങ്യുയിലിലെ സെന്റ്-ഹ്യൂബർട്ട്, ഗ്രീൻഫീൽഡ് പാർക്ക് എന്നിവിടങ്ങളെയും പുക ബാധിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാനും, വാതിലുകളും ജനലുകളും അടയ്ക്കാനും, എയർ എക്സ്ചേഞ്ചറുകൾ ഓഫ് ചെയ്യാനും ലോങ്യുയിൽ നഗരം നിർദ്ദേശിച്ചു.
അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ക്യുബെക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് സെന്റ്-ജൂലി അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ പ്രതികരണം മാധ്യമങ്ങൾ മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
Also Read: ഇന്ത്യ-കാനഡ വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും; പ്രതീക്ഷ പങ്കുവെച്ച് കാനഡ
സംഭവത്തെ തുടർന്ന് മാരി-വിക്ടോറിൻ സ്കൂൾ സർവീസ് സെന്റർ തങ്ങളുടെ സ്കൂളുകളിലും കേന്ദ്രങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കുട്ടികൾ കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിതരാണെന്നും ജീവനക്കാരുടെ മേൽനോട്ടത്തിൽ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





