ടൊറന്റോ: പ്രമുഖ പാസ്‌വേഡ് മാനേജർ സേവനമായ 1Password-ൽ നടന്ന സൈബർ ആക്രമണത്തിൽ ഉപഭോക്താക്കളുടെ പേരും ഇമെയിൽ വിലാസവും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർന്നു. എന്നാൽ പാസ്‌വേഡുകളും വോൾട്ടുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വകാര്യ വിവരങ്ങളും സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു.
നവംബർ 19-നാണ് ജീവനക്കാരന്റെ GitHub അക്കൗണ്ട് അപഹരിക്കപ്പെട്ടതായി കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഈ അക്കൗണ്ട് ഉപയോഗിച്ച് അക്രമികൾ കമ്പനിയുടെ സ്വകാര്യ കോഡ് ശേഖരങ്ങളിലേക്കും മറ്റ് ആഭ്യന്തര സംവിധാനങ്ങളിലേക്കും കടന്നതായി കണ്ടെത്തി. പിന്നീട് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് രേഖകളും ഡൗൺലോഡ് ചെയ്തു.
പേരും ഇമെയിൽ വിലാസവും കൂടാതെ അക്കൗണ്ട് ഐഡി, ഉപയോക്തൃ ഐഡി, അക്കൗണ്ട് ആരംഭിച്ച തീയതി, അവസാനമായി ലോഗിൻ ചെയ്ത സമയം തുടങ്ങിയ വിവരങ്ങളും ചോർന്നിട്ടുണ്ട്. അക്കൗണ്ട് വീണ്ടെടുക്കുന്നതിനും പുതിയ ഉപയോക്താക്കളെ ക്ഷണിക്കുന്നതിനും ഉപയോഗിക്കുന്ന ചില ടോക്കണുകളും മോഷ്ടിക്കപ്പെട്ടതായി കമ്പനി അറിയിച്ചു.
READ MORE: കാനഡയെ വിറപ്പിച്ച ബിഷ്‌ണോയി സംഘത്തിന് പൂട്ട്; വെടിവെപ്പ് കേസിലെ പ്രതികളെ നാടുകടത്തി
എന്നാൽ ഉപഭോക്താക്കളുടെ പാസ്‌വേഡ് വോൾട്ടുകളിലേക്ക് ആക്രമികൾക്ക് പ്രവേശിക്കാനായിട്ടില്ല. വോൾട്ടുകളിൽ സൂക്ഷിച്ചിട്ടുള്ള പാസ്‌വേഡുകൾ, മറ്റ് സ്വകാര്യ വിവരങ്ങൾ, എൻക്രിപ്ഷൻ കീകൾ, അക്കൗണ്ട് പാസ്‌വേഡുകൾ, Secret Keys എന്നിവ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. പരിമിതമായ ഉപഭോക്താക്കളെ മാത്രമാണ് സംഭവം ബാധിച്ചത്. ഇവർക്ക് നേരിട്ട് അറിയിപ്പ് നൽകിയിട്ടുമുണ്ട്.
സംഭവം കണ്ടെത്തിയതോടെ അപഹരിക്കപ്പെട്ട ജീവനക്കാരന്റെ GitHub അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയും ആക്രമികൾ ഉപയോഗിച്ച ആക്‌സസ് ടോക്കൺ റദ്ദാക്കുകയും ചെയ്തു. സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും സംശയാസ്പദമായ ആഭ്യന്തര ആക്‌സസ് വിവരങ്ങൾ മാറ്റുകയും ചെയ്തു. സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായത്തോടെയും പരിശോധന നടത്തി.
നിലവിൽ 1Password-ന്റെ ആപ്പുകളും ബ്രൗസർ എക്സ്റ്റൻഷനുകളും മറ്റ് സേവനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കൾ അക്കൗണ്ട് ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കമ്പനിയുടെ നിർദേശം. അതേസമയം, 1Password-ന്റെ പേരിൽ എത്തുന്ന വ്യാജ ഇമെയിലുകൾക്കും സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





