സെന്റ് ജോൺസ്: കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിലനിൽക്കുന്ന ഫാമിലി ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ വിദേശത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി. മാനിറ്റോബ, ഒന്റാറിയോ, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളാണ് വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർക്ക് വേഗത്തിൽ ലൈസൻസ് നൽകുന്ന ‘പ്രാക്ടീസ് റെഡി’ (Practice Ready) പദ്ധതികൾ വിപുലീകരിച്ചത്.
ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഫെഡറൽ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് മാനിറ്റോബയിലും ഒന്റാറിയോയിലും പദ്ധതികൾ നടപ്പാക്കുന്നത്. ഇതിലൂടെ മാനിറ്റോബയിൽ വർഷം 30 ഡോക്ടർമാർക്കും ഒന്റാറിയോയിൽ 50 പേർക്കും അധികമായി അവസരം ലഭിക്കും.
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിൽ 1.2 ദശലക്ഷം ഡോളർ ചെലവിൽ എട്ട് പുതിയ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തും. ആശുപത്രി പരിചയസമ്പത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ ഇല്ലാത്തവർക്ക് ക്ലിനിക്കുകളിൽ മാത്രം പ്രവർത്തിക്കാൻ അനുമതി നൽകുന്ന പ്രത്യേക ലൈസൻസ് രീതിയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്ന് പ്രവിശ്യാ പ്രീമിയർ ടോണി വേക്ക്ഹാം വ്യക്തമാക്കി. കൂടാതെ, വിദേശ ഡോക്ടർമാരുടെ കുടിയേറ്റ നടപടികൾ ലളിതമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കായി ഹെൽത്ത് കാനഡ അധിക തുക അനുവദിച്ചിട്ടുണ്ട്.
Also Read: 2027-ലെ CRA പേയ്മെന്റുകൾ; ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ പുറത്ത്
അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ ആകർഷിക്കുന്നത് സംബന്ധിച്ച് ധാർമ്മികമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. റൊമാനിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെയാണ് കാനഡ അവരുടെ ആരോഗ്യപ്രവർത്തകരെ കൊണ്ടുവരുന്നതെന്ന് മക്ഗിൽ സർവകലാശാലയിലെ ചരിത്രകാരൻ ഡേവിഡ് റൈറ്റ് ചൂണ്ടിക്കാട്ടുന്നു.
വെറും നിയമനങ്ങൾ കൊണ്ട് മാത്രം ആരോഗ്യമേഖലയിലെ പ്രതിസന്ധി തീരില്ലെന്ന് ‘റസിഡന്റ് ഡോക്ടേഴ്സ് ഓഫ് കാനഡ’ പ്രസിഡന്റ് ഡോ. ഡാമി ബെല്ല അഭിപ്രായപ്പെട്ടു. നിലവിലുള്ള ഡോക്ടർമാർക്ക് ഭരണപരമായ സഹായങ്ങളും മികച്ച തൊഴിൽ സാഹചര്യങ്ങളും ഒരുക്കിയാൽ മാത്രമേ അവരെ ഈ രംഗത്ത് നിലനിർത്താൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





