കാൽഗറി: ആൽബർട്ടയിലെ സ്കൂളുകളിൽ കനേഡിയൻ, പ്രവിശ്യാ പതാകകൾ പ്രദർശിപ്പിക്കണമെന്ന പുതിയ നിയമം നടപ്പാക്കുമ്പോൾ അധിക കൊടിമരങ്ങൾ സ്ഥാപിക്കേണ്ടതില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. നിലവിൽ കൊടിമരങ്ങൾ ഇല്ലാത്തതോ ഒരെണ്ണം മാത്രമുള്ളതോ ആയ സ്കൂളുകൾക്ക് കെട്ടിടത്തിനുള്ളിൽ സ്റ്റാൻഡ് ഉപയോഗിച്ച് പതാകകൾ പ്രദർശിപ്പിക്കാമെന്നാണ് സർക്കാരിന്റെ നിർദേശം.
ആൽബർട്ടയിൽ ജനുവരി മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ പതാക നിയമവുമായി ബന്ധപ്പെട്ടാണ് സർക്കാർ ബദൽ മാർഗങ്ങൾ മുന്നോട്ടുവച്ചത്. ഓരോ സ്കൂളിന്റെയും പുറത്ത് ആൽബർട്ടയുടെയും കാനഡയുടെയും പതാകകൾ പ്രദർശിപ്പിക്കണമെന്നാണ് നിയമത്തിലെ പ്രധാന നിർദേശം. എന്നാൽ മിക്ക സ്കൂളുകളിലും ഇതിനായി ആവശ്യമായ കൊടിമരങ്ങൾ ഇല്ലാത്തതിനാൽ പുതിയവ സ്ഥാപിക്കേണ്ടിവരുമെന്നും അതിന് വലിയ തുക ചെലവാകുമെന്നും സ്കൂൾ ബോർഡുകൾ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നിയമം നടപ്പാക്കുന്നതിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ മാറ്റങ്ങൾ പരിഗണിക്കുന്നത്.
ശനിയാഴ്ച രാവിലെ സംപ്രേഷണം ചെയ്ത ‘യുവർ പ്രൊവിൻസ്, യുവർ പ്രീമിയർ’ എന്ന റേഡിയോ പരിപാടിയിലാണ് ഡാനിയേൽ സ്മിത്ത് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. മുനിസിപ്പാലിറ്റികളിലും സ്കൂൾ ബോർഡുകളിലും സർക്കാർ മാറ്റങ്ങൾ നടപ്പാക്കുകയും അതിന്റെ ചെലവ് പിന്നീട് അവരിൽനിന്ന് ഈടാക്കുകയും ചെയ്യുന്നുണ്ടോ എന്നായിരുന്നു പരിപാടിയിൽ ഒരു ശ്രോതാവ് ചോദിച്ചത്. ഇതിന് മറുപടിയായാണ് പുതിയ പതാക നിയമം പാലിക്കാൻ സ്കൂളുകൾ അധിക കൊടിമരങ്ങൾ വാങ്ങേണ്ടതില്ലെന്ന് സ്മിത്ത് വ്യക്തമാക്കിയത്.
ചില സ്കൂളുകളിൽ രണ്ട് കൊടിമരങ്ങൾ നിലവിലുണ്ടെന്നും ചിലയിടങ്ങളിൽ ഒരെണ്ണം മാത്രമാണുള്ളതെന്നും മറ്റു ചില സ്കൂളുകളിൽ കൊടിമരങ്ങൾ ഇല്ലെന്നും സ്മിത്ത് പറഞ്ഞു. രണ്ട് കൊടിമരങ്ങളുള്ള സ്കൂളുകൾക്ക് അവയിൽ കനേഡിയൻ, ആൽബർട്ട പതാകകൾ ഉയർത്താം. ഒരു കൊടിമരം മാത്രമുള്ള സ്കൂളുകളിൽ കാനഡയുടെ പതാക പുറത്തു പ്രദർശിപ്പിക്കാനും ആൽബർട്ടയുടെ പതാക പ്രവേശന കവാടത്തിന് സമീപം സ്ഥാപിക്കാനും സാധിക്കും. കൊടിമരങ്ങൾ ഇല്ലാത്ത സ്കൂളുകൾക്ക് കെട്ടിടത്തിനുള്ളിലെ പ്രവേശന ഹാളിൽ സ്റ്റാൻഡുകളിലായി രണ്ട് പതാകകളും സ്ഥാപിക്കാമെന്നും അവർ വിശദീകരിച്ചു.
പുതിയ നിയമം നടപ്പാക്കുന്നതിന് സ്കൂളുകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുമെന്ന ആശങ്ക നേരത്തെ ഉയർന്നിരുന്നു. കാൽഗറി വിദ്യാഭ്യാസ ബോർഡിന്റെ കണക്കനുസരിച്ച്, പുതിയ നിയമം പാലിക്കാൻ 223 അധിക കൊടിമരങ്ങൾ വാങ്ങി സ്ഥാപിക്കേണ്ടിവരും. ഇതിനായി ഏകദേശം 40 ലക്ഷം ഡോളർ വരെ ചെലവാകാമെന്നും ബോർഡ് അറിയിച്ചിരുന്നു. നിലവിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് നിയമം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് ഈ അധിക ചെലവിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
അതേസമയം, നിയമം തയ്യാറാക്കിയ രീതിയെ ആൽബർട്ട എൻഡിപി നേതാവ് നഹീദ് നെൻഷി വിമർശിച്ചു. സ്കൂളുകൾ സന്ദർശിക്കുകയോ അവിടുത്തെ സാഹചര്യങ്ങൾ പരിശോധിക്കുകയോ ബന്ധപ്പെട്ട ജീവനക്കാരുമായി ചർച്ച നടത്തുകയോ ചെയ്യാതെയാണ് യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാർ നിയമം അവതരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ നിയമം അവതരിപ്പിച്ച് പാസാക്കിയെങ്കിലും സ്കൂളുകളിലെ യഥാർഥ സാഹചര്യങ്ങൾ പരിഗണിച്ചില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
Also Read: 2027-ലെ CRA പേയ്മെന്റുകൾ; ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ പുറത്ത്
പുതിയ നിയമം ജനുവരിയിൽ പ്രാബല്യത്തിൽ വരാനിരിക്കെ, സ്കൂളുകളിൽ പതാകകൾ എങ്ങനെ പ്രദർശിപ്പിക്കണമെന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. അധിക കൊടിമരങ്ങൾ സ്ഥാപിക്കാതെ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് നിയമം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളാണ് സർക്കാർ ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകളിലും നടപ്പാക്കൽ രീതിയിലും വരുത്തുന്ന അന്തിമ മാറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിടാനുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





