ഓട്ടവ: കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡയിലെ ചില ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി സംശയം. ഈ ആഴ്ച ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായതെന്ന് ബെൽ അറിയിച്ചു. ടെലികോം നെറ്റ്വർക്കുകൾ ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെ കമ്പനിയുടെ ചില സിസ്റ്റങ്ങളിലേക്ക് അക്രമികൾക്ക് പ്രവേശനം ലഭിച്ചതായാണ് കണ്ടെത്തൽ. സംഭവത്തിൽ ചില ഉപഭോക്താക്കളുടെ ബിസിനസ് വിവരങ്ങൾ പുറത്തുപോയതായും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ബെല്ലിന്റെ വക്താവ് സോ ചാപ്മാൻ മാധ്യമങ്ങൾക്ക് നൽകിയ വിവരങ്ങൾ പ്രകാരം, കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് അനുമതിയില്ലാതെ അക്രമികൾക്ക് കടന്നുകയറാൻ കഴിഞ്ഞിരുന്നു. ഇതുവഴി ചില ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് സംശയം. ഉപഭോക്താക്കളുടെ പേരുകൾ, ബിസിനസ് ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഔദ്യോഗിക ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഐപി വിലാസങ്ങൾ എന്നിവയാണ് ചോർന്നതിൽ ഉൾപ്പെടുന്നത്. എന്നാൽ കൂടുതൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയ ഫയലുകളോ പി.ഡി.എഫ് രേഖകളോ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ബെൽ അറിയിച്ചു.
ആക്രമണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ബെൽ കാനഡ അറിയിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തെ വേഗത്തിൽ നിയന്ത്രിക്കാനും ബാധിക്കപ്പെട്ട സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞതായി കമ്പനി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഉപഭോക്തൃ സേവനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും ബെൽ കാനഡ അറിയിച്ചു. ആക്രമണത്തിൽ വിവരങ്ങൾ നഷ്ടപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയ ഉപഭോക്താക്കളെ കമ്പനി നേരിട്ട് ബന്ധപ്പെടുന്നുണ്ട്. അതേസമയം, സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും കമ്പനിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ബെൽ വ്യക്തമാക്കി.
ആക്രമണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും സുരക്ഷാ വിവരങ്ങളും ബന്ധപ്പെട്ട അധികൃതരുമായി പങ്കുവെച്ചിട്ടുണ്ട്. സൈബർ ആക്രമണത്തിന്റെ സൂചനകൾ ഉൾപ്പെടുന്ന വിവരങ്ങൾ ഉപഭോക്താക്കൾക്കും കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിക്കും കൈമാറിയതായി കമ്പനി അറിയിച്ചു. കൂടാതെ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ സൈബർ ക്രൈം വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
Also Read: കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവും കാമുകിയും വെടിയേറ്റ് മരിച്ചു
ഒക്ടോബറിൽ കാനഡയിലെ നാല് പ്രമുഖ നിയമ സ്ഥാപനങ്ങൾക്ക് നേരെയും സമാനമായ സൈബർ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ, തങ്ങളുടെ ചില ഇടപാടുകാരുടെ നികുതി രേഖകൾ ചോർന്നതായി ‘കെപിഎംജി കാനഡ’ എന്ന സ്ഥാപനവും ഈ ആഴ്ച ആദ്യം സ്ഥിരീകരിച്ചു. ഈ സംഭവങ്ങൾക്കിടെയാണ് പ്രമുഖ ടെലികോം കമ്പനിയായ ‘ബെല്ലിന്റെ’ ബിസിനസ് ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന പുതിയ സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനി ഇക്കാര്യത്തിൽ അന്വേഷണം തുടരുന്നതിനാൽ സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





