ഓട്ടവ: 2027 മുതൽ കാനഡയിലെ ആളുകൾക്ക് ലഭിക്കുന്ന മൂന്ന് പ്രധാന ആനുകൂല്യങ്ങളിൽ മാറ്റം വരുത്താൻ ഫെഡറൽ സർക്കാർ. 2026 നവംബർ 5ന് അവതരിപ്പിച്ച ഫെഡറൽ ബജറ്റിലാണ് കാനഡ റവന്യൂ ഏജൻസി (CRA) വഴി നൽകുന്ന ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ നിർദേശിച്ചത്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾ, പരിചാരകർ എന്നിവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ആദ്യത്തെ മാറ്റം കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റുമായി (CGEB) ബന്ധപ്പെട്ടതാണ്. നിലവിൽ ലഭിക്കുന്ന വാർഷിക ആനുകൂല്യത്തിന് പുറമേ 50 ശതമാനം അധിക തുക ഒറ്റത്തവണയായി നൽകാനാണ് നിർദേശം. ഇതിലൂടെ രണ്ട് കുട്ടികളുള്ള ദമ്പതികൾക്ക് പരമാവധി 679 ഡോളർ ലഭിക്കും. കുട്ടികളില്ലാത്ത അവിവാഹിതർക്ക് 339 ഡോളർ വരെയും ലഭിക്കാം. 2027ന്റെ തുടക്കത്തിൽ 12 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ സഹായം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്നും നിർദേശത്തിൽ പറയുന്നു.
രണ്ടാമത്തെ മാറ്റം കാനഡ വർക്കേഴ്‌സ് ബെനിഫിറ്റിലാണ് (CWB). കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് കൂടുതൽ പേരിലേക്ക് ആനുകൂല്യം എത്തിക്കുന്നതിനായി കുറഞ്ഞ തൊഴിൽ വരുമാന പരിധി 3,000 ഡോളറിൽ നിന്ന് 500 ഡോളറായി കുറയ്ക്കും. യോഗ്യരായ അവിവാഹിതർക്ക് പരമാവധി വാർഷിക ആനുകൂല്യം 1,859 ഡോളറായും കുടുംബങ്ങൾക്ക് 3,143 ഡോളറായും ഉയർത്തും. ഇതിലൂടെ ഏകദേശം 19 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂന്നാമത്തെ മാറ്റം കാനഡ കെയർഗിവർ ക്രെഡിറ്റിലാണ്. ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള കുടുംബാംഗങ്ങളെ പരിചരിക്കുന്നവർക്ക് 1,260 ഡോളർ വരെ പ്രതിവർഷം ലഭിക്കുന്ന രീതിയിൽ ക്രെഡിറ്റ് പരിഷ്കരിക്കാനാണ് നിർദേശം. 5.85 ലക്ഷം പരിചാരകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്. നിലവിൽ നികുതി അടയ്ക്കാനുള്ള തുക കുറവായതിനാൽ ക്രെഡിറ്റിന്റെ മുഴുവൻ പ്രയോജനവും ലഭിക്കാത്തവർക്കും പുതിയ സംവിധാനം വഴി നേരിട്ട് സാമ്പത്തിക സഹായം ലഭിക്കും.
Also Read: ഭവനരഹിതർക്ക് വീടൊരുക്കാൻ കാനഡ; പുതിയ നീക്കവുമായി കാർണി സർക്കാർ
അതേസമയം, ഈ മാറ്റങ്ങൾക്കെല്ലാം നിയമനിർമാണ അംഗീകാരം ലഭിക്കേണ്ടതുണ്ട്. CGEB അധിക തുക 2027ന്റെ തുടക്കത്തിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. മറ്റ് രണ്ട് ആനുകൂല്യങ്ങളിലെ മാറ്റങ്ങൾ 2027ലെ നികുതി വർഷം മുതൽ ബാധകമാകും. ഇവയുടെ തുക 2027ലെ നികുതി റിട്ടേൺ സമർപ്പിച്ച ശേഷം 2028ൽ ലഭിക്കുമെന്നാണ് നിലവിലെ നിർദേശം. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി യോഗ്യരായവർ കൃത്യമായി നികുതി റിട്ടേൺ സമർപ്പിക്കേണ്ടതും ആവശ്യമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





