വാഷിംഗ്ടൺ; അമേരിക്കൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളിൽ നിന്നും ജോലി പരിശീലനത്തിനായി വൻ തുക ഫീസായി ഈടാക്കാനുള്ള സർക്കാർനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബർ 8-നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. കോഴ്സ് കഴിഞ്ഞ ശേഷമുള്ള ‘ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിന്’ (OPT) വിദ്യാർത്ഥികളെ ശുപാർശ ചെയ്യാൻ ഒരു സർവകലാശാല തുടക്കത്തിൽ 70,000 ഡോളറും (ഏകദേശം 58 ലക്ഷം ഇന്ത്യൻ രൂപ) തുടർന്ന് 30,000 ഡോളറും അടയ്ക്കണമെന്നാണ് നിർദ്ദേശം.
നിയമം പ്രാബല്യത്തിൽ വന്നാൽ തുക സർവകലാശാലകൾ സ്വയം കണ്ടെത്തുകയോ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുകയോ ചെയ്യേണ്ടിവരും. ഇത് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പഠനശേഷമുള്ള ജോലി പരിശീലനം തടസ്സപ്പെടുത്തും. 600-ഓളം കോളേജുകളുടെ കൂട്ടായ്മയായ ‘പ്രസിഡന്റ്സ് അലയൻസ്’ നിർദ്ദേശം പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി.
ഉയർന്ന ഫീസ് കാരണം കഴിവുള്ള വിദ്യാർത്ഥികൾ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് മാറും. ഇത് അമേരിക്കയുടെ വിദ്യാഭ്യാസ പദവിയെ ബാധിക്കും. 734 വിദേശ വിദ്യാർത്ഥികളിൽ നടത്തിയ സർവേയിൽ 69 ശതമാനം പേരും ഇത്തരമൊരു ഫീസുണ്ടെങ്കിൽ അമേരിക്ക തിരഞ്ഞെടുക്കില്ലെന്ന് വ്യക്തമാക്കി. STEM വിദ്യാർത്ഥികളിൽ ഇത് 70 ശതമാനമാണ്.
Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
തട്ടിപ്പുകൾ തടയാനാണ് ഫീസ് എന്ന് സർക്കാർ പറയുമ്പോഴും, കോളേജുകളുടെ സാമ്പത്തിക ശേഷിയും വിദ്യാർത്ഥികളുടെ യോഗ്യതയും തമ്മിൽ ബന്ധമില്ലെന്ന് അലയൻസ് പ്രസിഡന്റ് മിറിയം ഫെൽഡ്ബ്ലം ചൂണ്ടിക്കാട്ടി. 6,000 വിദേശ വിദ്യാർത്ഥികളുള്ള ഒരു സ്ഥാപനത്തിന് പ്രതിവർഷം 60 മില്യൺ ഡോളറിലധികം ബാധ്യത വരും.
2024-25 കാലയളവിൽ വിദേശ വിദ്യാർത്ഥികൾ 42.9 ബില്യൺ ഡോളർ യു.എസ് സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുകയും 3.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തീരുമാനം യു.എസ് ബിരുദധാരികളെ ജോലിക്ക് എടുക്കുന്നതിൽ നിന്ന് കമ്പനികളെ പിന്നോട്ടടിപ്പിക്കുകയും അമേരിക്കൻ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





