ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരമായ അവസ്ഥയിൽ. സുപ്രീം കോടതി ഉത്തരവ് മറികടന്ന് പലയിടത്തും വ്യാപകമായി പടക്കം പൊട്ടിച്ചതോടെ വായു ഗുണനിലവാര സൂചിക (AQI) അപകടനില കടന്നു. നഗരത്തിലുടനീളം കനത്ത പുകമഞ്ഞ് മൂടിയത് കാഴ്ചപരിധിയെ സാരമായി ബാധിച്ചതിനെ തുടർന്ന് ഗ്രാപ് (GRAP) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (DPCC) കണക്കുകൾ പ്രകാരം, നവംബർ 8 ഞായറാഴ്ച രാത്രി 11 മണിക്ക് അക്ഷർധാമിൽ PM2.5 ന്റെ അളവ് ഒരു ക്യൂബിക് മീറ്ററിന് 760.99 മൈക്രോഗ്രാം ആയി ഉയർന്നു. ലോകാരോഗ്യ സംഘടന (WHO) അനുവദിച്ച് നല്കിയിട്ടുള്ള സുരക്ഷിത പരിധിയായ 15 മൈക്രോഗ്രാമിന്റെ 50.73 മടങ്ങ് അധികമാണിത്. ജഹാംഗീർപുരി ഉൾപ്പെടെ നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് 463 വരെ രേഖപ്പെടുത്തി ‘ഗുരുതരം’ എന്ന വിഭാഗത്തിലെത്തി.
ദീപാവലി ആഘോഷങ്ങളിലെ പടക്കം പൊട്ടിക്കലിന് പുറമേ, അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കലും വാഹനങ്ങളിൽ നിന്നുള്ള പുകയും പ്രതിസന്ധി ഇരട്ടിയാക്കി. വരും ദിവസങ്ങളിലും വായുമലിനീകരണത്തോത് ഈ അവസ്ഥയിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് എയർ ക്വാളിറ്റി ഏർളി വാണിങ് സിസ്റ്റം (EWS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച വളരെ മോശം എന്ന നിലയിലായിരുന്ന വായു ഗുണനിലവാരം തിങ്കളാഴ്ച പുലർച്ചയോടെയാണ് അതിഗുരുതര അവസ്ഥയിലേക്ക് മാറിയത്.
വായുമലിനീകരണത്തെ ചൊല്ലി ഡൽഹിയിൽ വലിയ രാഷ്ട്രീയ പോരും ഉടലെടുത്തിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നത് തടയുന്നതിൽ സർക്കാരും പോലീസും പൂർണ്ണമായി പരാജയപ്പെട്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. എന്നാൽ മലിനീകരണത്തിന്റെ പേര് പറഞ്ഞ് ദീപാവലി ആഘോഷങ്ങളെയും സനാതന ധർമ്മത്തെയും അനാവശ്യമായി ലക്ഷ്യമിടുകയാണ് ആപ് ചെയ്യുന്നതെന്ന് ബിജെപി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്ര തിരിച്ചടിച്ചു.
മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തമായി നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വാഹന നിയന്ത്രണങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനവും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





