ക്യുബെക്ക് : ക്യുബെക്കിൽ നൂറിലേറെ വ്യാജ കുടിയേറ്റ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന ആരോപണത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തി പ്രവിശ്യാ ഇമിഗ്രേഷൻ മന്ത്രി കാതറിൻ ജെന്റിൽകോർ. പ്രവിശ്യയിലെ അഴിമതി വിരുദ്ധ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് മുൻ സർക്കാർ ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ട് നൂറിലേറെ തട്ടിപ്പ് കേസുകൾ പുറത്തുവന്നത്. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മുൻ ഇമിഗ്രേഷൻ മന്ത്രാലയ ഉദ്യോഗസ്ഥയായ മറിലീന ഐഡയ്ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും രേഖകളിൽ കൃത്രിമം നടത്തിയതിനുമാണ് നടപടി. ക്യുബെക്കിലെ അഴിമതി വിരുദ്ധ കമ്മീഷണറുടെ അന്വേഷണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇടക്കാല കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന ഐഡ, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകർക്ക് 100-ലേറെ വ്യാജ ക്യുബെക് സെലക്ഷൻ സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 2016 ഓഗസ്റ്റ് മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം.
ALSO READ: ആഗോളതാപനം നിയന്ത്രണം വിടുന്നു: ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ?
ക്യുബെക്കിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവർക്ക് ആദ്യം പ്രവിശ്യയുടെ സെലക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം. തുടർന്ന് മാത്രമേ കാനഡയിലെ ഫെഡറൽ സർക്കാരിന് സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയൂ. ഫ്രഞ്ച് ഭാഷാ പരിജ്ഞാനം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം തുടങ്ങിയവയാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. കേസിൽ പ്രതിയായ മറിലീന ഐഡ ഡിസംബർ 10-ന് മോൺട്രിയലിലെ കോടതിയിൽ ഹാജരാകണം. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, ഇത്തരം ക്രമക്കേടുകൾ ഒറ്റപ്പെട്ട സംഭവമായി മാത്രം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇമിഗ്രേഷൻ മന്ത്രിയുടെ പ്രതികരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





